'കൂട്ടരാജി  എടുത്തു  ചാട്ടം, കാലത്തിന്റെ  കാവ്യനീതിയെന്ന്  അച്ഛന് തോന്നുന്നുണ്ടാകാം'; ഷമ്മി തിലകൻ

Tuesday 27 August 2024 5:50 PM IST

കൊല്ലം: 'അമ്മ' ഭരണസമിതിയുടെ കൂട്ടരാജി എടുത്തു ചാട്ടം ആയിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ആരോപണ വിധേയ‌ർ മാത്രം പുറത്തുപോയാൽ മതിയായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'സംഘടനയുടെ ഇന്നത്തെ അവസ്ഥയിൽ വിഷമം ഉണ്ട്. കൂട്ടരാജി മൂലം അംഗങ്ങൾക്കിടയിൽ അനിശ്ചിതത്വമുണ്ടായി. അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതായിരിക്കാം. ഈ സംഭവങ്ങൾ കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് മനസിൽ തോന്നുന്നുണ്ടാകാം. തന്നോട് ചെയ്തതിനോടൊന്നും പ്രതികാര മനോഭാവത്തോടെ കാണുന്നില്ല.

തനിക്ക് അത്തരം ചിന്തകളില്ല. ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. ഇതൊരു ഉത്തരം മുട്ടലാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകൾ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ജാതിയിൽ കൂടിയ ആളെന്ന ചിന്ത മനസിൽ വച്ച് പ്രവർത്തിച്ചാൽ ഇതൊക്കെ സംഭവിക്കും. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാൻ പറ്റില്ല. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേർ അംഗങ്ങളായ സംഘടനയിൽ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി',- ഷമ്മി തിലകൻ.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളെത്തുടർന്ന് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇന്നുച്ചേർന്ന ഓൺലെെൻ യോഗത്തിലായിരുന്നു തീരുമാനം. താൽക്കാലിക ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിരിക്കുകയാണ്.

Advertisement
Advertisement