ഇനി ഇന്ത്യയുടെ ഊഴം, ജയ് ഷാ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

Tuesday 27 August 2024 9:04 PM IST
ജയ് ഷാ

മുംബയ്: ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) സെക്രട്ടറി സ്ഥാനത്ത് നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തലപ്പത്തേക്ക് ജയ് ഷാ. ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷായെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് അദ്ദേഹത്തെ തലപ്പത്തേക്ക് തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ സ്ഥാനമേറ്റെടുക്കും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് എന്നിവരുടെ പിന്തുണയോടെയാണ് ഷാ ഈ പദവിയിലേക്ക് എത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.

ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ജയ് ഷാ. ഗ്രേഗ് ബാര്‍ക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷായെ തിരഞ്ഞെടുത്തത്. രണ്ട് തവണ ചെയര്‍മാന്‍ പദവി അലങ്കരിച്ച ബാര്‍ക്ലേ ഇനിയും സ്ഥാനത്ത് തുടരാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 2020 മുതല്‍ 2024 വരെ രണ്ട് ടേമുകളിലായി ബാര്‍ക്ലേ ചെയര്‍മാന്‍ പദവി വഹിച്ചിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐസിസി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍.

ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ ജനപ്രിയത ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റിന്റെ വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണെന്നും ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ജയ് ഷാ പ്രതികരിച്ചു. ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ഒരു വര്‍ഷത്തെ കാലാവധി കൂടി ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം ആഗോള ക്രിക്കറ്റ് ഭരണതലപ്പത്തേക്ക് ചുവട് മാറ്റുന്നത്.

Advertisement
Advertisement