എം.മോഹൻ വിട പറഞ്ഞു
കൊച്ചി: വിടപറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, മുഖം, പക്ഷേ... തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ മുഖമുദ്ര ചാർത്തിയ സംവിധായകൻ എം. മോഹൻ (76) വിടവാങ്ങി. ഇന്നലെ രാവിലെ 9.45ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.
ഭൗതികദേഹം എറണാകുളം ചെറിയ കടവന്ത്ര കസ്തൂർബാ നഗറിലെ സത്യാഞ്ജലി വീട്ടിൽ. സംസ്കാരം ഇന്ന് 12ന് രവിപുരം ശ്മശാനത്തിൽ. 'രണ്ടു പെൺകുട്ടികൾ" എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായിക അനുപമയാണ് ഭാര്യ. മക്കൾ: ചെന്നൈയിൽ വ്യവസായിയായ പുരന്ദർ മോഹൻ, എറണാകുളത്ത് റസ്റ്റോറന്റ് ഉടമയായ ഉപേന്ദർ മോഹൻ. മരുമകൾ: അൻഷു പുരന്ദർ.
80കളിൽ മലയാള സിനിമയിൽ നവഭാവുകത്വത്തിന് തുടക്കം കുറിച്ചവരിൽ പ്രമുഖനാണ് മോഹൻ. ആദ്യചിത്രം വാടകവീട് (1978). 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. പലതിനും തിരക്കഥയെഴുതിയത് ജോൺ പോളാണ്.
മുഖം, ആലോലം, വിടപറയും മുമ്പേ തുടങ്ങി 13 സിനിമകൾക്ക് തിരക്കഥയും രണ്ട് സിനിമകൾക്ക് കഥയുമെഴുതി. രണ്ട് ചിത്രങ്ങൾ നിർമ്മിച്ചു. നെടുമുടി വേണു നായകനായ വിടപറയും മുമ്പേ സൂപ്പർഹിറ്റായിരുന്നു. ഇടവേളയിലൂടെയാണ് ഇടവേള ബാബു സിനിമയിലെത്തിയത്.
പ്രമുഖ സംവിധായകൻ പി. വേണുവിന്റെ സഹായിയായി 1971ലാണ് മോഹന്റെ സിനിമാപ്രവേശം. എ.ബി. രാജ്, എ.വിൻസെന്റ്, മധു, ഹരിഹരൻ എന്നിവരുടെയും സഹായിയായി. പത്മരാജന്റെ കഥയിൽ കൊച്ചു കൊച്ചു തെറ്റുകൾ, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള എന്നിവ ചെയ്തു. നാല് ടെലിഫിലിമുകൾ സംവിധാനം ചെയ്തു. സിനിമാ അനുഭവങ്ങൾ കോർത്തിണക്കി രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.