അഗ്നിശുദ്ധിക്കായി അമ്മ
കൊച്ചി/തിരുവനന്തപുരം: സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുറന്നുകാട്ടുകയും ഇരകളായ നടിമാർ പരസ്യമായി പ്രതികരിക്കുകയും ചെയ്തതോടെ അഗ്നിശുദ്ധി വരുത്താൻ 'അമ്മ" ഭാരവാഹികൾ ഒന്നടങ്കം രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹൻലാൽ മുൻകൈ എടുത്തായിരുന്നു കൂട്ടരാജി. ഇന്നലെ ഓൺലൈനായി ചേർന്ന അടിയന്തര നിർവാഹകസമിതി യോഗത്തിലായിരുന്നു തീരുമാനം.
അമ്മയിൽ അംഗത്വം ലഭിക്കാൻ കിടപ്പറ പങ്കിടണമെന്ന് മുൻഭരണസമിതികളെ നിയന്ത്രിച്ചിരുന്ന ജനറൽ സെക്രട്ടറി ഇടവേള ബാബു ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ വന്നതോടെ സംഘടനയുടെ അടിത്തറ ഇളകുകയായിരുന്നു.
മൂന്നാംവട്ടം പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹൻലാൽ താൻ ഇനി തുടരില്ലെന്ന് ഉറച്ച നിലപാട് എടുത്തു. വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമാണ് രാജിവയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യോഗത്തിൽ മോഹൻലാൽ വികാരഭരിതനായി സംസാരിച്ചു. വിവാദങ്ങൾ വേദനിപ്പിച്ചെന്നും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നും പറഞ്ഞു. ഇതോടെ ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കാൻ തയ്യാറായി. ജൂൺ 30ന് നിലവിൽ വന്ന 17 അംഗ ഭരണസമിതിയാണ് വീണത്. രണ്ടു മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്ന് സംഘടന അറിയിച്ചു. ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന നടിയുടെ ആരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറിയായ സിദ്ദിഖ് ദിവസങ്ങൾക്ക് മുമ്പ് രാജിവച്ചിരുന്നു.ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കാൻ നീക്കം നടക്കവേ അദ്ദേഹത്തിനെതിരെയും ആരോപണം ഉയർന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് ഭരണസമിതിയിലും അംഗങ്ങൾക്കിടയിലും ഭിന്നതയുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ജഗദീഷ് ആരോപണവിധേയർക്കെതിരെ പ്രതികരിച്ചിരുന്നു. നടൻ പൃഥ്വിരാജ് സംഘടനയെ തുറന്ന് വിമർശിക്കുകയും കളങ്കിതർ മാറണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഉർവശിയും അമ്മയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.പൊലീസ് നടപടികൾ തുടങ്ങിയതും അമ്മ ഭാരവാഹികളെ സമ്മർദ്ദത്തിലാക്കി.
പവർ ഗ്രൂപ്പിന്റെ
അന്ത്യത്തിന് തുടക്കം
1. സിനിമ മേഖലയെ നിയന്ത്രിക്കുന്ന താരങ്ങളുടെ കീഴടങ്ങൽ എന്നു വിലയിരുത്താവുന്ന വിധത്തിലാണ് ഭരണസമിതിയുടെ ഒഴിഞ്ഞുപോക്ക്. 'അമ്മ'യുടെ തലപ്പത്ത് തലമുറമാറ്റം വരും.
2.ഭരണസമിതിയിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചേക്കും.പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ടൊവീനോ എന്നിവരെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ സാദ്ധ്യത.
'അമ്മ'യുടെ രാജിക്കുറിപ്പ്
'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാദ്ധ്യമങ്ങളിൽ അമ്മ ഭരണസമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അമ്മയുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിറുത്തി രാജിവയ്ക്കുന്നു."
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. അമ്മ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ചികിത്സാ സഹായവും സമാദരണീയരായ അംഗങ്ങൾക്ക് തടസം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്കാലിക സംവിധാനമായി തുടരും.
അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്പുള്ള പുതിയൊരു നേതൃത്വം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.
(മാദ്ധ്യമങ്ങൾക്കു നൽകിയ റിലീസ്)
പുതിയ വിപ്ലവം സൃഷ്ടിക്കാം: ഡബ്ല്യു.സി.സി
പുനരാലോചിക്കാം, പുനർ നിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതിയ വിപ്ലവം സൃഷ്ടിക്കാം...
വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ
സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി)
ഇൻസ്റ്റഗ്രാം പേജിൽ നടത്തിയ പ്രതികരണം