80,000​ ​കോ​ടി മൂല്യത്തിൽ മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ്

Wednesday 28 August 2024 12:03 AM IST

ഓഹരി വില 2,000 രൂപ കവിഞ്ഞു

കൊച്ചി: ഓഹരി വിലയിലെകുതിപ്പിന്റെ കരുത്തിൽ 80,000 കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ആദ്യ കേരള കമ്പനിയെന്ന നേട്ടം മുത്തൂറ്റ് ഫിനാൻസിന് സ്വന്തം. ഇന്നലെ ഒരവസരത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില 2,001 രൂപയ്ക്ക് മുകളിലെത്തിയതോടെ വിപണി മൂല്യം 82,240 രൂപയിലെത്തി. വ്യാപാരാന്ത്യത്തിൽ ഓഹരി വില 1,986 രൂപയിലേക്ക് താഴ്ന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില 1,182 രൂപ വരെ താഴ്ന്നതിന് ശേഷമാണ് വൻ മുന്നേറ്റം നടത്തിയത്.. പശ്ചമേഷ്യയിൽ രാഷ്ട്രീയ സംഘർഷം മൂർച്ഛിച്ചതോടെ സ്വർണ വില കുതിച്ചുയർന്നതാണ് ഇന്നലെ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾക്ക് പ്രിയം വർദ്ധിപ്പിച്ചത്.

രാജ്യത്തെ ഏറ്റവും സ്വർണ പണയ ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന് പുതിയ സാഹചര്യം ഏറെ ഗുണകരമാകുമെന്ന് നിക്ഷേപകർ വിലയിരുത്തുന്നു. നിലവിൽ 150 ടൺ സ്വർണ ശേഖരമാണ് മുത്തൂറ്റ് ഫിനാൻസിന്റെ കൈവശമുള്ളത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1,196 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.

വിപണിയിലെ സാദ്ധ്യതകൾ കരുത്തിൽ മികച്ച വളർച്ച നേടുന്നതിനൊപ്പം നിക്ഷേപകർക്ക് പരമാവധി വരുമാനം ഉറപ്പുവരുത്താനാണ് ശ്രമം

ജോർജ് അലക്സാണ്ടർ മുത്തൂറ്റ്

മാനേജിംഗ് ഡയറക്‌ടർ

മുത്തൂറ്റ് ഫിനാൻസ്

നേട്ടം നിലനിറുത്താനാകാതെ ഫാക്ടും കൊച്ചിൻ ഷിഷ്‌യാർഡും

കഴിഞ്ഞ മാസങ്ങളിൽ വിപണി മൂല്യത്തിൽ വൻകുതിപ്പ് നേടിയ കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് എന്നിവയ്ക്ക് നേട്ടം നിലനിറുത്താനായില്ല. ജൂലായ് ആദ്യ വാരം കൊച്ചിൻ ഷിപ്പ്‌യാർഡ് 78,500 കോടി രൂപയുടെ മൂല്യത്തോടെ കേരളത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയിരുന്നു. എന്നാൽ പിന്നീട് ഓഹരി വില കുത്തനെ കുറഞ്ഞതോടെ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 54,188 കോടി രൂപയിലേക്ക് താഴ്ന്നു. എഫ്.എ.സി.ടിയുടെ വിപണി മൂല്യം ജൂണിൽ 78,864 കോടി രൂപ വരെ ഉയർന്നിരുന്നു. നിലവിൽ കമ്പനിയുടെ മൂല്യം 63,723 കോടി രൂപയാണ്.

Advertisement
Advertisement