വണ്ടി പൊളിക്കലിന് ആനുകൂല്യങ്ങളുമായി വാഹന കമ്പനികൾ

Wednesday 28 August 2024 12:06 AM IST

സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മൂന്ന് ശതമാനം വരെ വിലയിളവ്

കൊച്ചി: പഴയ വണ്ടി പൊളിക്കാൻ നൽകുന്ന ഉപഭോക്താക്കൾ പുതിയ വാഹനം വാങ്ങുമ്പോൾ ഓട്ടോമൊബൈൽ കമ്പനികൾ മികച്ച ഇളവുകൾ നൽകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. വാഹന വിപണി നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്സ് അസോസിയേഷൻ(സിയാം) മേധാവികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാഹനം പൊളിക്കാൻ നൽകിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി ആനുകൂല്യം നേടാനാകും.

സാധുതയുള്ള സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ വാഹനം വാങ്ങുമ്പോൾ വിലക്കിഴിവ് ഉൾപ്പെടെ ലഭ്യമാക്കാമെന്ന് കമ്പനികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഹന വിലയുടെ മൂന്നര ശതമാനം വരെ ഇളവുകളാണ് ഇതിലൂടെ ലഭിക്കുക. വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് സിയാം പ്രസിഡന്റ് വിനോദ് അഗർവാൾ പറയുന്നു.

Advertisement
Advertisement