പവർ ഗ്രൂപ്പില്ലെന്ന് വിജയരാഘവൻ
കോട്ടയം: മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ലെന്ന് നടൻ വിജയരാഘവൻ പറഞ്ഞു. നാലുപതിറ്റാണ്ടിലേറെയായി മലയാള സിനിമയിലുണ്ട്. ഇതുവരെയും ഇത്തരമൊരു പവർ ഗ്രൂപ്പിനെപ്പറ്റി കേട്ടിട്ടില്ല. നിർമ്മാതാവും സംവിധായകനുമാണ് അഭിനേതാക്കളെ തീരുമാനിക്കുന്നത്. അമ്മ സംഘടന ഒരു തൊഴിലാളി പ്രസ്ഥാനമല്ല. ഒരുപാട് സേവനങ്ങൾ ചെയ്യുന്ന സംഘടനയാണ്. വ്യക്തികൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംഘടനയെ തകർക്കുന്നത് ശരിയല്ലെന്നും വിജയരാഘവൻ പറഞ്ഞു.
കൂട്ടരാജിയോട് യോജിക്കുന്നില്ല: അനൂപ് ചന്ദ്രൻ
അമ്മ സംഘടനയിലെ കൂട്ടരാജിയോട് യോജിക്കുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ പറഞ്ഞു. ഒരു സംഘടനയിലെ മുഴുവൻ ആളുകളും രാജിവയ്ക്കുന്ന രീതി ശരിയല്ല. തിരഞ്ഞെടുത്തവരെ അപമാനിക്കുന്നതിന് തുല്യമാണിത്. ആരോപണം നേരിടുന്നവർക്ക് സങ്കടം വരാതിരിക്കാനാണോ രാജി. മോഹൻലാലാണ് 'അമ്മ"യുടെ നാഥൻ. അദ്ദേഹം സംഘടനയുടെ നേതൃസ്ഥാനത്ത് ഉണ്ടാവണമെന്നാണ് ആഗ്രഹം. ഇപ്പോഴത്തെ സംഭവത്തിൽ അമ്മ ഭാരവാഹികളെ വിമർശിക്കാൻ ജഗദീഷിന് അവകാശമില്ല. ജഗദീഷിന്റേത് മാദ്ധ്യമശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്നും അനൂപ് കുറ്റപ്പെടുത്തി.
മുഖം നഷ്ടപ്പെട്ട ഭരണസമിതിയിൽ നിന്നാണ് രാജി: ജോയ് മാത്യു
മുഖം നഷ്ടപ്പെട്ട ഭരണസമിതി തുടരരുതെന്ന് ബോദ്ധ്യമുള്ളതിനാലാണ് അമ്മയിലെ കൂട്ടരാജിയെന്ന് നടനും സംവിധായകനും രാജിവച്ച അമ്മ എക്സിക്യുട്ടീവ് അംഗവുമായ ജോയ് മാത്യു പറഞ്ഞു. ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് ഭരണസമിതിയുടെ രാജി. ഇതേ കമ്മിറ്റി തന്നെ അഡ്ഹോക്ക് കമ്മിറ്റിയായി തുടരും. സ്ത്രീകൾ ഭാരവാഹിത്വത്തിലേക്ക് വരുന്നത് സ്വാഗതാർഹമാണ്. നാലര കൊല്ലം റിപ്പോർട്ട് പൂഴ്ത്തി വച്ച സാംസ്കാരിക മന്ത്രിയാണ് ഏറ്റവും വലിയ കുറ്റക്കാരൻ. കോൺക്ലേവിൽ നിന്ന് മുകേഷ് വിട്ടുനിൽക്കണം. തീരുമാനം ഏകകണ്ഠമായാണ് നടപ്പാക്കിയത്. സംഘടനയിൽ നിന്ന് കൊണ്ട് തന്നെ പോരാട്ടം തുടരും. ചില അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിക്കെതിരെ ആരോപണം വരുമ്പോൾ അതിൽ ധാർമ്മികതയുടെ വിഷയമുണ്ട്. മോഹൻലാൽ പ്രസിഡന്റാകണം എന്ന് ഇങ്ങോട്ട് പറഞ്ഞതല്ല. കോൺക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്. മുകേഷ് എം.എൽ.എ സ്ഥാനം ഒഴിയണമെന്ന് പറയേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണെന്നും ജോയ് മാത്യു വ്യക്തമാക്കി.
അമ്മയിലെ കൂട്ടരാജി എടുത്തുചാട്ടം: ഷമ്മി തിലകൻ
അമ്മ സംഘടനയിലെ കൂട്ടരാജി എടുത്തുചാട്ടമാണെന്നും വോട്ട് ചെയ്തവരോടുള്ള വഞ്ചനയാണെന്നും നടൻ ഷമ്മി തിലകൻ കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. 'കൂട്ടരാജിക്കു പകരം കുറ്റാരോപിതർ മാത്രം രാജിവച്ചാൽ മതിയായിരുന്നു. രാജി സംഘടനയിൽ അനിശ്ചിതത്വം ഉണ്ടാക്കും. ഇപ്പോഴത്തെ സംഭവങ്ങൾ കാലത്തിന്റെ കാവ്യനീതിയാണെന്ന് എന്റെ അച്ഛന്റെ മനസിൽ തോന്നുന്നുണ്ടാകും. എന്നോട് ചെയ്തതിനൊന്നും പ്രതികാര മനോഭാവം കാണിക്കുന്നില്ല. അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് ഞാൻ. അദ്ദേഹത്തിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു. ആര് തെറ്റ് ചെയ്താലും അത് തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറാകണം. അതിനുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താനല്ല ശ്രമിക്കേണ്ടത്. ഉത്തരംമുട്ടിയപ്പോഴാണ് കൂട്ടരാജി'- ഷമ്മി തിലകൻ പറഞ്ഞു.
ഹേമ കമ്മിറ്റിയെ നിയോഗിച്ചത് മാതൃകാപരം: ഷാജി എൻ. കരുൺ
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ നടപടി മാതൃകാപരമെന്ന് സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ പറഞ്ഞു. ഹോളിവുഡിൽ അടക്കം സിനിമാ മേഖലയിൽ നിരവധി പ്രശ്നങ്ങളുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് കേരള സർക്കാർ മാത്രമാണെന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കമ്മിഷൻ മുന്നോട്ടുവച്ച പരാതികൾ പഠിക്കുമെന്ന് മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീയോ പുരുഷനോ ഇല്ലാതെ കലാസൃഷ്ടി സാദ്ധ്യമല്ല. കലാ രംഗത്ത് സ്ത്രീ-പുരുഷ സാന്നിദ്ധ്യം ആവശ്യമാണ്. സിനിമയിൽ മാത്രമല്ല പല മേഖലയിലും പ്രശ്നങ്ങളുണ്ട്. പ്രശ്നം പരിഹരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. പണം ഉള്ളവരെ പവർ ഗ്രൂപ്പെന്ന് സൂചിപ്പിക്കും. അത്രയേയുള്ളൂ. രഞ്ജിത്തിനെതിരെയുള്ള നടപടി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.