പൊട്ടിത്തെറിച്ചത് അമ്മ; ഇനി ശുദ്ധികലശം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴുണ്ടായ തീപ്പൊരിയാണ് 'അമ്മ' എന്ന താരസംഘടനയുടെ അടിത്തറ ഇളക്കിയത്. സിനിമാ തമ്പുരാക്കന്മാരിൽനിന്നുള്ള മോശം അനുഭവങ്ങൾ, ലൊക്കേഷനുകളിലെ വിവേചനം, ചൂഷണം ഉൾപ്പെടെയുള്ളവ വനിതകൾ ആദ്യം വെളിപ്പെടുത്തിയത് ഹേമകമ്മിറ്റിക്കു മുന്നിലായിരുന്നു. അതടങ്ങിയ റിപ്പോർട്ട് നാലര വർഷം സർക്കാർ ചവിട്ടിപ്പിടിച്ചു. വിവരാവകാശ കമ്മിഷണർ കർശന നിലപാടെടുത്തതോടെയാണ് അത് ഭാഗികമായെങ്കിലും വെളിച്ചം കണ്ടത്.
തുടർന്ന് ഇരകൾ നേരിട്ട് നടത്തിയ വെളിപ്പെടുത്തലുകളിൽ തകർന്നു വീഴുകയായിരുന്നു പ്രമുഖർ. ആദ്യം ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, പിന്നീട് 'അമ്മ' ജനറൽ സെക്രട്ടറി സിദ്ദിഖ്. സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് 'അമ്മ'യിലെ കൂട്ടരാജി.
സിനിമയിലെ പവർ ഗ്രൂപ്പിന്റെ സ്വാധീനത്തെ തള്ളാതെ പൃഥ്വിരാജ് ശക്തമായ നിലപാട് പ്രഖ്യാപിച്ചതാണ് ഔദ്യോഗിക പക്ഷത്തിന്റെ നട്ടെല്ല് തകർത്തത്.
പടയൊരുക്കം ശക്തം, രാജിവച്ചു മാറി
സിദ്ദിഖ് രാജിവച്ചതിനു തൊട്ടുപിറകെ ബാബുരാജിനെ ജന.സെക്രട്ടറിയാക്കാൻ ശ്രമിച്ചെങ്കിലും പീഡന ആരോപണം നേരിടേണ്ടിവന്നു. ബാബുരാജ് ആക്ടിംഗ് സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് നടി ശ്വേത മേനോൻ പരസ്യമായി ആവശ്യപ്പെട്ടു.
പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഇതിലും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണു സാദ്ധ്യത. ഹേമകമ്മിറ്റി പുറത്തുവന്നതു മുതൽ അമ്മയിൽ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടു തുടങ്ങിയിരുന്നു. സിദ്ദിഖിന്റെ നേതൃത്വത്തിൽ വർത്താസമ്മേളനം നടത്തിയതോടെ അത് പരസ്യമായി. സിദ്ദിഖിനോട് വിയോജിച്ച് വൈസ് പ്രസിഡന്റ് ജഗദീഷ് പരസ്യപ്രസ്താവന നടത്തിയിരുന്നു. അമ്മയിലെ വനിതാ അംഗങ്ങൾക്കിടയിൽതന്നെ ചേരിതിരിവ് ഉണ്ടായി.
അംഗങ്ങൾക്കെതിരെ ലൈംഗികാരോപണങ്ങൾ വരുമ്പോഴും പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാൽ പ്രതികരിക്കാത്തതിലും വിമർശനം ഉയർന്നു. സ്ത്രീകൾക്ക് പ്രധാന്യമുള്ള നേതൃത്വം വേണമെന്ന അഭിപ്രായവും ശക്തമായി.
ആരോപണവിധേയർ അഗ്നിശുദ്ധി വരുത്തണമെന്നാണ് ജഗദീഷ് പറഞ്ഞത്. ഇരകളുടെ പേര് റിപ്പോർട്ടിൽനിന്ന് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ലെന്ന് ജഗദീഷ് പറഞ്ഞതോടെ മറ്റ് സിനിമാ സംഘടനകളും വെട്ടിലായി.
പുതിയ നേതൃത്വം വന്നാലും വെല്ലുവിളി
പുതുതായി വരുന്ന നേതൃത്വവും ചില കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടും.
1.ആരോപണം നേരിടുന്ന അംഗങ്ങളെ സംരക്ഷിക്കണോ പുറത്താക്കണമോ? (കേസിൽ പ്രതിയായപ്പോൾ ദിലീപ് രാജിവച്ചിരുന്നു)
2,അമ്മയോടു കലഹിച്ച് പുറത്തുപോയ വനിതകളെ തിരിച്ചെത്തിക്കണമോ?