 വയനാട് പുനരധിവാസം -- മോദിയെ കണ്ട് 2000 കോടി അഭ്യർത്ഥിച്ച് പിണറായി

Wednesday 28 August 2024 12:52 AM IST
വയനാട് സഹായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോൾ

ന്യൂഡൽഹി : വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച.

വിശദമായ നിവേദനം മുഖ്യമന്ത്രി കൈമാറി. നേരത്തെ നൽകിയ നിവേദനത്തിന് പുറമെയാണിത്. രാവിലെ 11ന് തുടങ്ങിയ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ആഗസ്റ്റ് 10ന് മോദി ദുരിതബാധിത മേഖല സന്ദർശിച്ചപ്പോൾ പുനരധിവാസത്തിന് പണം തടസമാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ദുരന്തമുണ്ടായ ആദ്യ നാളുകളിൽ റവന്യു,​ കൃഷി വകുപ്പുകൾ കണക്കാക്കിയത് 1200 കോടിയുടെ നഷ്ടമാണ്. പിന്നീട് എട്ട് വകുപ്പുകളുടെ റിപ്പോർട്ട് ഉൾപ്പെടുത്തി 2000കോടി രൂപയുടെ നഷ്ടം വിശദമാക്കുന്ന റിപ്പോർട്ട് തയ്യാറാക്കി. ഇതാണ് ഇന്നലെ സമർപ്പിച്ചത്.

അനന്തശായിയായ ശ്രീപദ്മനാഭന്റെ ശില്പം പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത് ഉൾപ്പെടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചു.

ലെവൽ 3 ദുരന്തമായി

കാണാൻ അപേക്ഷ

 ദേശീയ പ്രകൃതി ദുരന്തത്തിലെ ലെവൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയാണ് മുഖ്യമന്ത്രി നടത്തിയതെന്നാണ് വിവരം

 ഇത് അംഗീകരിച്ചാൽ പുനരധിവാസത്തിനും ഉപജീവനനഷ്ടത്തിനും പരമാവധി കേന്ദ്രസഹായത്തിന് അർഹത നേടാം

 മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പരിഗണിക്കപ്പെട്ടാൽ അതനുസരിച്ചാകും കേരളത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുക

 വയനാട് ദുരന്ത നഷ്ടത്തിന്റെയും പുനരധിവാസത്തിന്റേയും കണക്കെടുപ്പ് നടന്നുവരികയാണ്

 വിവിധ ഏജൻസികൾ,വിദഗ്ദ്ധർ തുടങ്ങിയവരുമായി ചർച്ചകളും നടക്കുന്നു. 29ന് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്