14 ജില്ലകളിലും ഓരോ കേന്ദ്രങ്ങൾ, 247 കാൻസർ മരുന്നുകൾ ഇനി വിലക്കുറവിൽ

Wednesday 28 August 2024 12:56 AM IST

സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ് പദ്ധതിയ്ക്ക് നാളെ(വ്യാഴം)തുടക്കം.

തിരുവനന്തപുരം : വിലയേറിയ കാൻസർ മരുന്നുകൾ ഇനി കമ്പനിവിലയ്ക്ക് ജനങ്ങൾക്ക് ലഭിക്കും. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായ കാരുണ്യ സ്‌പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ് പദ്ധതിയ്ക്ക് നാളെ വൈകിട്ട് 3.30ന് (വ്യാഴം) മുഖ്യമന്ത്രി പിണായി വിജയൻ ഓൺലൈനായി തുടക്കമിടും.തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്ക് കാരുണ്യ ഫാർമസിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും.ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളലേയും തിരഞ്ഞെടുത്ത ഓരോ കാരുണ്യ ഫാർമസികളിലെയും കാരുണ്യ സ്പർശം കൗണ്ടറുകൾ വഴിയാണ് മരുന്നുകൾ ലഭ്യമാക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നയോഗിച്ചിട്ടുണ്ട്. 247ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടർ വഴി നൽകുന്നത്.

വിലകൂടിയ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളുണ്ട്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്.ഇത് കൂടാതെയാണ് കാൻസറിനുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്.

കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകും.

-വീണാ ജോർജ്

ആരോഗ്യമന്ത്രി

മരുന്നുകൾ ലഭിക്കുന്ന കാരുണ്യ ഫാർമസികൾ

1.തിരുവനന്തപുരം മെഡിക്കൽ കോളേജ്
2.ഗവ. കൊല്ലം വക്ടോറിയ ആശുപത്രി
3.പത്തനംതിട്ട ജനറൽ ആശുപത്രി
4.ആലപ്പുഴ മെഡിക്കൽ കോളേജ്
5.കോട്ടയം മെഡിക്കൽ കോളേജ്
6.ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
7.എറണാകുളം മെഡിക്കൽ കോളേജ്
8.തൃശൂർ മെഡിക്കൽ കോളേജ്
9.പാലക്കാട് ജില്ലാ ആശുപത്രി
10.മലപ്പുറം തിരൂർ ജില്ലാ ആശുപത്രി
11.കോഴക്കോട് മെഡിക്കൽ കോളേജ്
12.മാനന്തവാടി ജില്ലാ ആശുപത്രി
13.കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്
14.കാസർകോട് ജനറൽ ആശുപത്രി

Advertisement
Advertisement