അന്ന മേനോന്റെ ബഹിരാകാശ യാത്ര ഇന്നത്തേക്ക് മാറ്റി #ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിന് തടസ്സമായത് വാതകചോർച്ച
തിരുവനന്തപുരം:ചരിത്രത്തിലാദ്യമായി സ്വകാര്യസ്ഥാപനം ബഹിരാകാശ നടത്തം ലക്ഷ്യമിട്ട് നടത്തുന്ന സ്പെയ്സ് എക്സിന്റെ വിക്ഷേപണം ഇന്നത്തേക്ക് മാറ്റി. അവസാന നിമിഷം പേടകത്തിൽ ഹിലിയം വാതക ചോർച്ച കണ്ടെത്തിയതായാണ് കാരണം.ഇന്നലെ ഉച്ചയ്ക്ക് നടത്താനിരുന്ന ദൗത്യം ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് നടത്തുമെന്നാണ് സ്പെയ്സ് എക്സ് അറിയിച്ചിരിക്കുന്നത്.മലയാളിയായ മെഡിക്കൽ വിദഗ്ധൻ അനിൽമേനോന്റെ ഭാര്യയും സ്പെയ്സ് എക്സ് എൻജിയിനറുമായ അന്നാ മേനോനും യാത്രികയാണെന്നത് ഇന്ത്യക്കാരിലും കൗതുകം ഉണർത്തി.
പ്രൊഫഷണൽ ബഹിരാകാശ സഞ്ചാരികളല്ലാത്തവർ ബഹിരാകാശത്ത് നടക്കുന്നതും അതിന് സ്വകാര്യ സ്ഥാപനം സൗകര്യമൊരുക്കുന്നതും ആദ്യമായാണ്.
പൊളാരിസ് ഡോൺ എന്നു പേരിട്ടിട്ടുള്ള ബഹിരാകാശ നടത്ത സംഘത്തിൽ അന്ന മേനോൻ ഉൾപ്പെടെ നാലുപേരാണുള്ളത്.ഷിഫ്റ്റ്4 പേയ്‌മെന്റ്സ് സി.ഇ.ഒ ജാറഡ് ഐസക്മാൻ, സ്‌പേസ് എക്സ് എൻജിനിയർ സാറാ ഗിലിസ്, യു.എസ് എയർഫോഴ്സ് മുൻ പൈലറ്റായ ഇരുപതുകാരൻ സ്‌കോട്ട് പൊറ്റീറ്റ് എന്നിവരാണ് മറ്റുള്ളവർ.
ഇവരിൽ സ്കോട്ട് പൊറ്റീറ്റ് ഒഴികെ മറ്റാരും പ്രൊഫഷണൽ ബഹിരാകാശ സഞ്ചാരികളല്ല.സ്പെയ്സ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശപേടകത്തിലാണിവർ യാത്ര ചെയ്യുക.കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പേടകത്തെ ഫാൽക്കൺ 9 റോക്കറ്റ് ഭൂമിക്ക് മുകളിൽ 1400കിലോമീറ്റർ ഉയരത്തിലെത്തിക്കും. ഇവർ പിന്നീട് ഭ്രമണപഥത്തിലൂടെ നീങ്ങി വാൻ അലൻ റേഡിയേഷൻ ബെൽറ്റ് പോയന്റിലെത്തിയാണ് ബഹിരാകാശ നടത്തം ചെയ്യുക. വിക്ഷേപണം നടത്തി രണ്ടുദിവസത്തിന് ശേഷമാണ് പേടകത്തിന് പുറത്തിറങ്ങി നടക്കുക. അഞ്ചുദിവസമാണ് പൊളാരിസ് ഡോൺ ദൗത്യം.
#ബഹിരാകാശ നടത്തം
ബഹിരാകാശസഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശപേടകത്തിനു പുറത്തിറങ്ങുന്നതാണ് എക്സ്ട്രാ വെഹിക്കുലർ ആക്ടിവിറ്റി എന്ന ബഹിരാകാശ നടത്തം. 1965ൽ റഷ്യക്കാരൻ അലക്സി ലിയോനോവാണ് ബഹിരാകാശ നടത്തം ചെയ്തത്.12.9മിനിറ്റായിരുന്നു ഇത്. 1984ൽ റഷ്യയുടെ സ്വെറ്റ്ലാന സവിറ്റ്സക ബഹിരാകാശത്ത് നടന്ന ആദ്യവനിതയായി.'നാസ'യുടെ ജയിംസ് വോസും സുസൻ ഹെൽമ്സും ചേർന്ന് 2001ൽ 8.56 മണിക്കൂർ നടന്ന് ബഹിരാകാശനടത്തത്തിൽ റെക്കോഡിട്ടു.ഇവരെ കൂടാതെ എട്ടോളം പേരാണ് ബഹിരാകാശത്ത് കൂടുതൽ സമയം നടന്നിട്ടുള്ളത്.