ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ 'അമ്മ'

Wednesday 28 August 2024 1:20 AM IST

തിരുവനന്തപുരം: 'അമ്മ'യുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നു പോകുന്നത്. 1994ൽ 'അമ്മ'രൂപീകരിക്കുമ്പോൾ, ഇന്ത്യൻ സിനിമയിൽതന്നെ താരങ്ങളുടെ ആദ്യസംഘടനയായിരുന്നു.

വേണു നാഗവള്ളിയുടേയും മുരളിയുടേതുമായിരുന്നു ആശയം. പേര് നൽകിയത് മുരളിയും. 1994 മുതൽ 97 വരെ എം.ജി സോമനായിരുന്നു പ്രസിഡന്റ്. മമ്മൂട്ടിയും മോഹൻലാലും വൈസ് പ്രസിഡന്റുമാർ. ടി.പി മാധവൻ സെക്രട്ടറിയും വേണു നാഗവള്ളി ജോയിന്റ് സെക്രട്ടറിയും ജഗദീഷ് ട്രഷറുമായി. സുകുമാരി, ബാലചന്ദ്ര മേനോൻ, കെ.ബി ഗണേശ്‌കുമാർ, ഇന്നസെന്റ്, മധു, മണിയൻപിള്ള രാജു, മുരളി, നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. മൂന്ന് വർഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി.

സിനിമയെക്കുറിച്ചുള്ള ചർച്ചകൾ, അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, വിശ്രമ ജീവിതം നയിക്കുന്നവർക്കും ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുയും ചെയ്യുന്ന അഭിനേതാക്കൾക്ക് സാമ്പത്തിക സഹായം നൽകുക, അംഗങ്ങളുടെ പരാതികൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചത്.

വിവാദങ്ങൾക്കും കുറവില്ലായിരുന്നു.

2004ൽ ഏഷ്യാനെറ്റ് ചാനലിലെ സ്റ്റേജ് ഷോയിൽ താരങ്ങൾ പങ്കെടുക്കുന്നതിനെതിരെ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് രംഗത്തു വന്നിരുന്നു.

അന്തരിച്ച നടൻ തിലകനുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു വിവാദം. ഒരു സൂപ്പർസ്റ്റാർ സിനിമയിലെ തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നും തനിക്കെതിരായി കരുനീക്കങ്ങൾ നടത്തുന്നുവെന്നും 2010 ൽ തിലകൻ ആരോപിച്ചു. തിലകനും 'അമ്മ'യും തമ്മിൽ പിരിഞ്ഞു.

ഒരു വിവാദത്തെ തുടർന്ന് വിനയന്
അമ്മ വിലക്കേർപ്പെടുത്തി. അസോസിയേഷന്റെ നിരോധനാജ്ഞ ലംഘിച്ച് തിലകനെയും പൃഥ്വിരാജിനെയും ക്യാപ്റ്റൻ രാജുവിനെയും ലാലു അലക്സിനെയും ഉൾപ്പെടുത്തി സത്യം എന്ന സിനിമ വിനയൻ പ്രഖ്യാപിച്ചു. 2012ൽ സംവിധായകൻ വിനയൻ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ കോംപിറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 2017ൽ 11.25 ലക്ഷം രൂപ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ ചുമത്തി.

2017 ഫെബ്രുവരിയിൽ കൊച്ചിയിൽ നടിയാക്രമിക്കപ്പെട്ട സംഭവമാണ് അമ്മയിൽ കോളിളക്കമുണ്ടാക്കിയത്. കേസിൽ പ്രതിയായ നടൻ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശൻ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്.

Advertisement
Advertisement