സിനിമാമേഖല സ്ത്രീവിരുദ്ധം; തിരുത്തണം :പു.ക.സ

Wednesday 28 August 2024 1:21 AM IST

കണ്ണൂർ: മലയാള സിനിമയെ മനുഷ്യർക്ക് പ്രവർത്തിക്കാവുന്ന ഒരു കലാമാദ്ധ്യമ മേഖലയാക്കി നവീകരിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ജി.പി രാമചന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.
പിന്തിരിപ്പനും കടുത്ത സ്ത്രീ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ രീതികളാണ് സിനിമാ മേഖലയിലുള്ളതെന്ന് പ്രമേയത്തിൽ പറയുന്നു. സ്ത്രീകളെ ലൈംഗിക ശരീരമായി മാത്രം കാണുന്നു. കാമവേട്ടക്കാരായ ആണുങ്ങളുടെ ആധിപത്യവിനോദ ക്ലബ്ബാക്കി മലയാള സിനിമയെ അധഃപതിപ്പിച്ചു.

പൊരുതിക്കൊണ്ടിരിക്കുന്ന സിനിമയിലെ വനിതകൾക്കും ഡബ്ല്യു.സി.സിക്കും പുരോഗമന കലാസാഹിത്യ സംഘം അഭിവാദ്യം അർപ്പിച്ചു.

കണ്ണൂർ ഇ.കെ.നായനാർ അക്കാഡമിയിൽ രണ്ടു ദിവസത്തെ സംസ്ഥാന സമ്മേളനം കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി എം.കെ മനോഹരൻ പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ നയരേഖാ റിപ്പോർട്ടും അവതരിപ്പിച്ചു. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. കെ.വി. സുമേഷ് എം.എൽ.എ സ്വാഗതവും നാരായണൻ കാവുമ്പായി നന്ദിയും പറഞ്ഞു.

ഇടതിനെ വിമർശിച്ച്

ടി.പത്മനാഭൻ

സമ്മേളനത്തിൽ കഥാകൃത്ത് ടി. പത്മനാഭൻ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. തെറ്റു പറ്റിയെങ്കിൽ സമ്മതിക്കാനും മാപ്പു പറയാനും മടിയില്ലാത്ത നേതാവായിരുന്നു ഇ.എം.എസ്. അതിനുള്ള അന്തസ്സും ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിനുണ്ടായിരുന്നു. പിന്മുറക്കാർ ഇതൊക്കെ പുലർത്തുന്നുണ്ടോയെന്ന് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement