'ഫ്രണ്ട്‌ലി'യാകാതെ ഇക്കോഫ്രണ്ട്ലി ഫേസ് വാഷുകളും ക്രീമുകളും

Wednesday 28 August 2024 1:41 AM IST

കൊച്ചി: പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളിൽപ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തൽ. കൊച്ചി സർവകലാശാല സ്കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുൾപ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക് സൂക്ഷ്മാംശം കണ്ടെത്തിയത്.

ഇന്ത്യയിൽ ലഭ്യമായ 45 ഇനം ഫേസ്‌വാഷ്, ഫേസ് സ്ക്രബ്, ഷവർ ജെൽ, ബോഡി സ്ക്രബ് ബ്രാൻഡുകളിൽ 49.12 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് വ്യക്തമായി. വിദേശനിർമ്മിത ബ്രാൻഡുകളും ഇതിലുൾപ്പെടും. എന്നാൽ ഉത്പന്നങ്ങളുടെ ലേബലിൽ രാസസാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ, കുസാറ്റിലെ അദ്ധ്യാപിക ഡോ. സുജ പി. ദേവിപ്രിയയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ലേപനങ്ങളിലെ സുതാര്യ, വെള്ള, പച്ച, നീല, മഞ്ഞ, ചുവപ്പ്, പിങ്ക് തരികളിൽ 1.34 ശതമാനം വരെ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. 5.04 ശതമാനം മൈക്രോപ്ലാസ്റ്റിക് അടങ്ങിയ ഉത്പന്നവും കണ്ടെത്തി. ലേപനത്തിന്റെ അളവുകൂട്ടാനും ആകർഷകത്വം വരുത്താനുമാണ് ഇവ ചേർക്കുന്നത്.

അമേരിക്കയിലും ബ്രിട്ടനിലും മറ്റും ഇവ നിരോധിച്ചിട്ടുണ്ട്. ഉള്ളടക്കം മറച്ചുവച്ചും പ്രകൃതിദത്തമെന്ന് തെറ്റിദ്ധരിപ്പിച്ചും ഉത്പന്നങ്ങൾ വിൽക്കുന്നത് ഇന്ത്യയിലും നിയമവിരുദ്ധമാണെങ്കിലും നിയന്ത്രിക്കാൻ നടപടികളില്ല. പ്ലാസ്റ്റിക് അംശമുള്ള ക്രീമുകൾ വായു, ജല മലിനീകരണത്തിനും ഇടയാക്കും.

ലേപനങ്ങളിലും ജെല്ലുകളിലും

കണ്ടെത്തിയ ഘടകങ്ങൾ

1. പോളിഎഥിലീൻ

2.പോളിപ്രൊപ്പലീൻ

3. പോളിസ്റ്റൈറീൻ

4.പോളിഎറത്രെയ്ൻ

5. പോളികാപ്രോലാക്ടോൺ

6. സെല്ലുലോസ് മൈക്രോബീഡ്സ്

മൈക്രോപ്ലാസ്റ്റിക് അടങ്ങിയ ലേപനങ്ങൾ ഉത്പാദിപ്പിക്കുന്നത് നിയന്ത്രിക്കാൻ നയം അനിവാര്യമാണ്. പ്ലാസ്റ്റിക് അംശം വെള്ളത്തിലൂടെയോ മത്സ്യത്തിലൂടെയോ ഉപ്പിലൂടെയോ ശരീരത്തിലെത്താം. 100 വ‌ർഷം വരെ ദ്രവിക്കാതിരിക്കുന്ന വസ്തുവാണിത്.

-ഡോ. സുജ പി. ദേവിപ്രിയ.

Advertisement
Advertisement