മഹാത്മ അയ്യങ്കാളിയുടെ ജയന്തി ആഘോഷം; സംസ്ഥാനമൊട്ടാകെ വിവിധ  പരിപാടികൾ

Wednesday 28 August 2024 10:13 AM IST

തിരുവനന്തപുരം: സമൂഹത്തിൽ ആഴത്തിൽ വേരോടിയ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ പടവെട്ടിയ നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161-ാം ജയന്തിയാഘോഷിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം, ക്വിസ് മത്സരം, ശുചിത്വ സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ മന്ത്രി ഒ ആർ കേളു പുഷ്പാർച്ചന നടത്തി. ആന്റണിരാജു എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി വി ശിവൻകുട്ടി, എം വിജയകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കെപിഎംഎസ് നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 11ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനം കോൺഗ്രസ് നേതാവ് രാമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂരിൽ വിവിധ പരിപാടികളോടെ ജയന്തി ആഘോഷം ആരംഭിച്ചു. അടുത്തമാസം 16 വരെ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് വെങ്ങാനൂരിൽ തുടക്കമിട്ടിരിക്കുന്നത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പുതുപാത വെട്ടിത്തെളിച്ച യുഗപ്രഭാവനാണ് അയ്യൻകാളി. തിരുവിതാംകൂറിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച അയ്യൻകാളി സായുധ പ്രതിരോധങ്ങളെ പേശിബലത്താലും നെഞ്ചുറപ്പിനാലും നേരിട്ടതോടെ സാധാരണക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ചു. ഇതോടെ ദരിദ്രജനതയ്ക്ക് അദ്ദേഹം അവകാശ പോരാട്ടങ്ങളുടെ മറുവാക്കായി മാറി.

കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ പാവങ്ങളുടെ യാതനകളിൽ അയ്യൻകാളി ഇടപെട്ടു. പാവങ്ങളുടെ കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചാൽ നെല്ലു കൊയ്യാൻ പാടത്തിറങ്ങില്ലെന്ന ഉഗ്രമായ താക്കീതോടെ തിരുവിതാംകൂറിലെ ആദ്യ കർഷക സമരത്തിന് 1905-ൽ നേതൃത്വം നൽകിയതും മറ്റാരുമായിരുന്നില്ല. കർഷകത്തൊഴിലാളി മുന്നേറ്റത്തിന് വ്യക്തമായ ദിശാബോധം നൽകിയതിൽ ഈ സമരത്തിന് ചരിത്രപരമായ പങ്കുണ്ട്.

Advertisement
Advertisement