' കുട്ടികളുടെ മനസിലെ 'ധർമ്മോമീറ്റർ" ശക്തിപ്പെടുത്തണം
കുട്ടികൾ ഒളിച്ചോടുന്നു , പെട്ടെന്നുള്ള പ്രകോപനത്തിൽ കാർ കത്തിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.പ്രമുഖ മനോരോഗ ചികിത്സാ വിദഗ്ധൻ ഡോ.സി.ജെ.ജോൺ വിശകലനം ചെയ്യുന്നു
-------------------------------------------------------------------------------------------------------------------
കുട്ടികൾ ജീവിക്കുന്ന ലോകം ഒരുപാടു മാറിപ്പോയി. അവരുടെ അനുഭവതലങ്ങളുടെ വ്യത്യാസങ്ങളിൽ ഡിജിറ്റൽ ഉപയോഗങ്ങളുണ്ട്.
സിനിമകളുടെയും വെബ് സീരീസുകളിലെയും സ്വാധീനങ്ങൾ സ്വഭാവരീതികളിലും പ്രത്യക്ഷപ്പെടാം. ഇതിന് അനുസരിച്ച് മാതാപിതാക്കളുടെ വളർത്തൽ രീതി മാറിയിട്ടുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന ചില പ്രതികരണങ്ങളാണ് ഇപ്പോൾ വാർത്തകളായി പ്രത്യക്ഷപ്പെടുന്നത്.
കാലം മാറിയാലും പരിഷ്കാരങ്ങൾ വന്നാലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് കുട്ടികളോടൊപ്പം ചെലവഴിക്കുന്ന ഗുണപരമായ നേരങ്ങളെക്കുറിച്ചാണ്. അതിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യവും കുറ്റപ്പെടുത്താതെ വിലയിരുത്തും എന്ന വിശ്വാസവും കുട്ടികളിൽ വളർത്തണം. എങ്കിൽ മാത്രമേ നൈരാശ്യങ്ങളെയും ഇച്ഛാഭംഗങ്ങളെയും അവർക്ക് പാകതയോടെ നേരിടാൻ കഴിയൂ. ആശയവിനിമയത്തിന്റെ പാലം ഇല്ലാതെ വരുന്ന സാഹചര്യങ്ങളിൽ പ്രശ്നങ്ങളോട് അപക്വമായ രീതിയിൽ പ്രതികരിച്ചേക്കും. അവരുടെ ആഗ്രഹങ്ങൾ ചില സന്ദർഭങ്ങളിൽ അത്യാഗ്രഹങ്ങളാകാം. എന്തുകൊണ്ട് പറ്റില്ല എന്ന് ശാന്തമായി അവരെ ബോദ്ധ്യപ്പെടുത്താൻ കഴിയണം. പിണക്കമോ, നൈരാശ്യമോ കലാപമോ ഒക്കെ ഉണ്ടാകുമ്പോൾ മാതാപിതാക്കളുടെ പ്രതികരണങ്ങൾ വളരെ പരുഷമാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അപകടകരമായ പ്രതികരണ ശൈലികൾ രൂപപ്പെടാം. അതൊരുപക്ഷേ ഒളിച്ചോട്ടമാകാം, മയക്കുമരുന്ന് ഉപയോഗമാകാം, സ്വയം മുറിവേൽപ്പിക്കലാകാം, വീട്ടുസാമഗ്രികൾ തല്ലിതകർക്കലാകാം. അച്ഛന്റെ കാർ കത്തിച്ചതുപോലെ മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സാധനങ്ങൾ നശിപ്പിക്കുന്നതുമാകാം. കുട്ടിയായിരിക്കെ ചെയ്യുന്ന എല്ലാ കുരുത്തക്കേടുകളുടെ പിറകിലും നോവുന്നതും വേണ്ടത്ര കേൾക്കപ്പെടാതെയും പോയ ഒരു മനസുണ്ടെന്ന് തിരിച്ചറിഞ്ഞാൽ പ്രതിവിധികൾ കുറച്ചുകൂടി നന്നായി വരും.
കുട്ടിയെ മനസിലാക്കുകയാണ് പരമപ്രധാനം. ഓൺലൈനിലും ഓഫ്ലൈനിലുമുള്ള ചങ്ങാത്തങ്ങളെ, ഹോബികളെ, ഇഷ്ടാനിഷ്ടങ്ങളെ, എന്തിന് മാതാപിതാക്കളുടെ പെരുമാറ്റത്തിൽ അവർക്ക് ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങൾ വരെ അറിയണം. കുട്ടിയും മാതാപിതാക്കളും തമ്മിലുള്ളത് വ്യക്തിബന്ധമാണ്. ഉടമ -അടിമ ബന്ധമല്ല. കുട്ടിക്ക് എന്തും തുറന്നുപറയാനുള്ള വിശ്വാസം തങ്ങളിലുണ്ടോ എന്ന് മാതാപിതാക്കൾ വിലയിരുത്തി പ്രായത്തിനനുസരിച്ച് ഈ സമീപനം നവീകരിക്കുകയും വേണം.
മാനസിക ആരോഗ്യപ്രശ്നങ്ങളും സ്വഭാവ വൈകല്യങ്ങളുമുള്ളവരോ പ്രതികൂലമായ അനുഭവങ്ങളിലൂടെ കടന്നുപോയ കുട്ടികളോ ആണെങ്കിൽ ബാലനീതി നിയമത്തിൽ പറയുന്നതുപോലെ പ്രത്യേക കരുതലും സംരക്ഷണവും വേണ്ടിവരും. പരുക്കൻ പ്രതികരണങ്ങൾ കാണുമ്പോൾ
വീട്ടിലെ പ്രശ്നങ്ങളാണെന്ന് പറയുന്നത് ഒരു പരിധിവരെ ശരിയാണ്. വീട്ടിലെ സാഹചര്യങ്ങൾ നല്ലതാണെങ്കിലും ചിലപ്പോൾ അവരുടെ ആഗ്രഹം പൂർത്തീകരിക്കാനായില്ലെങ്കിൽ അപക്വമായ പ്രതികരണങ്ങളിലേക്ക് അവർ പോകാം. തെറ്റുചെയ്തുപോയെന്ന് പറഞ്ഞ് അവരിൽ കുരുത്തംകെട്ടവന്റെ ലേബൽ പതിക്കേണ്ട കാര്യമില്ല. മാതാപിതാക്കൾക്ക് സ്വയം നവീകരിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം സന്ദർഭങ്ങൾ. അവരെ നേരായ വഴിയിലേക്ക് കൈപിടിച്ച് നടത്താനുള്ള ഉത്തരവാദിത്ത്വം ഏറ്റെടുക്കുമ്പോഴാണ് മാതാപിതാക്കളും വിജയിക്കുക. ധർമ്മാധർമ്മങ്ങളെക്കുറിച്ചുള്ള പ്രസംഗങ്ങളല്ല, കുട്ടികളുടെ മനസിലെ 'ധർമ്മോമീറ്റർ" ശക്തിപ്പെടുത്തുന്ന മാതാപിതാക്കളാണ് ഇന്നത്തെ കാലത്ത് വേണ്ടത്.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്കാട്രി വിഭാഗം ഡോക്ടറാണ് ഡോ.സി.ജെ.ജോൺ)
പിതാവ് താക്കോൽ നൽകിയില്ല:
കാർ കത്തിച്ച് യുവാവ്
കൊണ്ടോട്ടി: ഡ്രൈവ് ചെയ്യാൻ പിതാവ് താക്കോൽ നൽകാത്തതിനെ തുടർന്ന് യുവാവ് കാർ അഗ്നിക്കിരയാക്കി. സംഭവത്തിൽ നീറ്റാണി സ്വദേശി തയ്യിൽ ഡാനിഷ് മിൻഹാജിനെ (20) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവാവിന് ഡ്രൈവിംഗ് ലൈസൻസില്ലാത്തതിനാലാണ് പിതാവ് കാറിന്റെ താക്കോൽ നൽകാതിരുന്നത്. പ്രകോപിതനായ യുവാവ് ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഗൺആർ കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ബൈക്കിലെ പെട്രോൾ ഊറ്റിയെടുത്തശേഷം കാറിന് മുകളിലൊഴിച്ച് തീയിട്ടു. കാർ പൂർണമായും കത്തിനശിച്ചു. മയക്കുമരുന്നിന്റെ ലഹരിയിലാണോ പ്രതി കുറ്റം ചെയ്തതെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.