ഇതാണെന്റെ സമയം : സജന സജീവൻ
മാനന്തവാടി : ഇന്ത്യൻ ടീമിൽ തനിക്ക് നേരത്തെ അവസരം ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇപ്പോഴേക്കും തന്റെ കരിയർ അവസാനിച്ചേനെയെന്ന് ട്വന്റി 20 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സജന സജീവൻ. ''എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഇപ്പോഴായിരിക്കും എന്റെ സമയം വന്നത് ""- സജന 'കേരള കൗമുദി'യോട് പറഞ്ഞു.
കൊവിഡ് സമയത്ത് ഇന്ത്യൻ ടീമിലേയ്ക്ക് തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കിട്ടാതെവന്നപ്പോൾ വിഷമം ഉണ്ടായെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. ഈ വർഷം ബംഗ്ളാദേശിനെതിരെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞു. ഇപ്പോൾ ലോകകപ്പിലേക്ക് തന്നെ ക്ഷണം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ വിജയമാണ് ലക്ഷ്യം .അതിനായി തന്റെ കഴിവ് പരമാവധി വിനിയോഗിക്കും - ആൾറൗണ്ടറായ സജന പറഞ്ഞു.
സ്‌കൂൾ പഠനത്തിനിടെ സജനയിലെ ക്രിക്കറ്ററെ കണ്ടെത്തിയത് എൽസമ്മ ടീച്ചറാണ്. പിന്നീട് ടീച്ചറുടെ മകൾ ഉൾപ്പെടെ നിരവധിപേർ പ്രോത്സാഹനവും പരീശീലനവും നൽകി. കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിലൂടെ കൃഷ്ണഗിരിയിൽ വയനാട് ജില്ലാ ക്രിക്കറ്റ് കോച്ച് ഷഹനാസിന്റെ കീഴിൽ പരിശീലനം ആരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് രാജഗോപാലാണ് പരിശീലകൻ . 2018-19 ൽ അണ്ടർ 23 കേരള ടീമിന്റെ ക്യാപ്റ്റനായി. സജനയുടെ ഓൾ റൗണ്ട് മികവിൽകേരളം ചാമ്പ്യന്മാരായി.
ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു . ഏപ്രിലിൽ ബംഗ്ലാദേശിനെതിരെ സിൽഹത്തിൽ നടന്ന പരമ്പരയിലാണ് ട്വന്റി 20 ടീമിൽ അരങ്ങേറിയത്. ഓസ്‌ട്രേലിയൻ പര്യടനത്തിന്‌ശേഷം കഴിഞ്ഞ ദിവസമാണ് സജന മാനന്തവാടി ചൂട്ടക്കടവിലെ സജ്ന നിവാസിൽ എത്തിയത്.
സജന സംസാരിക്കുന്നു
വനിതാ പ്രീമിയർ ലീഗിൽ മുംബയ് ഇന്ത്യൻസിന്‌വേണ്ടി അവസാന പന്തിൽ സിക്സറടിച്ച് ടീമിന്റെ വിജയ ശിൽപ്പിയായതാണ് വഴിത്തിരിവായത്. അതാണ് ഇന്ത്യൻ ടീമിലേക്ക് എത്താൻ വഴിയൊരുക്കിയത്.
ബൗളിംഗും ബാറ്റിംഗുമെന്നതുപോലെ ഏറ്റവും ആസ്വദിച്ച് കളിക്കുന്നതാണ് ഗ്രൗണ്ടിലെ ഫീൽഡിംഗ്. തന്റെ ഓൾ റൗണ്ട് പ്രകടനം ഇന്ത്യൻ ടീമിന് കരുത്താകാൻ പരമാവധി ശ്രമിക്കും .
ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് നേടുകയെന്നതാണ് ഇനി തന്റെ മുന്നിലുള്ള ലക്ഷ്യവും ആഗ്രഹവും.ഇന്ത്യയുടെ ആദ്യമത്സരം ഒക്ടോബർ നാലിന് ന്യൂസിലാൻഡിനെതിരെയാണ്. അതിനായി കാത്തിരിക്കുന്നു.
ലോകകപ്പിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും ഒന്നിനൊന്ന് മികച്ചവയാണ്. ഒരു ടീമിനെയും ചെറുതായി കാണുന്നില്ല .എത്രവലിയ കൊലകൊമ്പനെയും അട്ടിമറിക്കാൻ കഴിയുമെന്ന് ഇതിന് മുമ്പുള്ള കളികളിൽ കണ്ടതാണ്. അതുകൊണ്ട് ആരെയും നിസാരന്മാരായി കാണുന്നില്ല. എല്ലാ കളിയിലും സീരിയസ്നസ് കാണിക്കും.