ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പാഴ് വേലയാക്കിയെന്ന് വിമർശനം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിഗമനങ്ങളും മൊഴികളും അന്വേഷണ പരിധിയിൽ നിന്നൊഴിവാക്കിയത് സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയനിഴലിലാക്കിയെന്ന്
,ഇടതു മുന്നണിക്കകത്തും വിമർശനം.
തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. പുതിയ പൊലീസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കുന്നതോടെ അത് അപ്രസക്തമാവുകയാണ്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ എത്രപേർ ഇനി പൊലീസിന് മൊഴി നൽകുമെന്ന് കണ്ടറിയണം. ആധികാരിക വിവരങ്ങളുള്ള റിപ്പോർട്ടിൽ ഹൈക്കോടതിയുടെ നിലപാടാണ് ഇനി നിർണായകമാവുന്നത്.
മലയാള സിനിമാ രംഗത്തെ ലൈംഗിക അതിക്രമങ്ങളിൽ വേട്ടക്കാർക്കൊപ്പമാണെന്ന ആരോപണത്തിൽനിന്ന് മുഖം രക്ഷിക്കാൻ ഏഴംഗ ഐ.പി.എസ് അന്വേഷണ സംഘത്തെ നിയമിച്ചെങ്കിലും സർക്കാരിന്റെ പ്രതിഛായയ്ക്ക് സംഭവിച്ച കോട്ടം മാറ്റാനായിട്ടില്ല.
മലയാള സിനിമയെ നിയന്ത്രിക്കുന്നതായി ഹേമ കമ്മിറ്റി കണ്ടെത്തിയ പവർ ഗ്രൂപ്പിൽ മന്ത്രിയും ഭരണകക്ഷി
എം.എൽ.എയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിൽ പിടിച്ചാണ് പ്രതിപക്ഷം വിഷയം
ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള സാംസ്കാരിക മന്ത്രി സജി ചെറിയാന്റെയും മറ്റും പ്രതികരണങ്ങളും വിനയായി. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ ഇതിഹാസമായി അവസാനനിമിഷം വരെ വാഴ്ത്തിയ സജി ചെറിയാൻ പരിഹാസ്യനാവുകയുംചെയ്തു.
സി.പി.എമ്മിലും സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളിലും ഇത് സൃഷ്ടിച്ച അസ്വാരസ്യം ചെറുതല്ല. മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ വിഷയം ആളിക്കത്തിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയാണ് യു.ഡി.എഫും,ബി.ജെ.പിയും
.
ചലച്ചിത്ര അക്കാഡമി
ഉടച്ചുവാർക്കണം
മലയാള സിനിമയിലെന്നപോലെ സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ തലപ്പത്തും സവർണ മനോഭാവവും സ്ഥാപിത താല്പര്യങ്ങളും ധാർഷ്ട്യവും കൊടികുത്തി വാഴുന്നുവെന്ന ആക്ഷേപം ശക്തമാണ്. ചെയർമാന്റെ ചേരിക്ക് ഇഷ്ടമില്ലാത്തവരുടെ മികച്ച സിനിമകളെപ്പോലും അവാർഡ് നിർണയത്തിൽ പുറന്തള്ളുന്നുവെന്നാണ് .വിമർശനം. ശുദ്ധികലശത്തിന്റെ ഈ ഘട്ടത്തിൽ നിഷ്പക്ഷതയും സംശുദ്ധിയും പ്രവർത്തന ശേഷിയുമുള്ള പുതുമുഖങ്ങൾ അക്കാഡമി തലപ്പത്ത് വരണമെന്നും വർഷങ്ങളോളം അക്കാഡമിയിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചവരെ വീണ്ടും തിരുകിക്കയറ്റരുതെന്നും ശക്തമായ വാദം ഉയരുന്നുണ്ട്.