സിനിമയിലെ ലൈംഗിക അതിക്രമം കേസ് പുതിയ നിയമത്തിൽ, ചുമത്തുക ഐ.പി.സി വകുപ്പ്
തിരുവനന്തപുരം:സിനിമാരംഗത്തെ ലൈംഗികാതിക്രമങ്ങളിൽ കേസെടുക്കുക പുതിയ ക്രിമിനൽ നിയമപ്രകാരമാണെങ്കിലും പ്രതികൾക്കെതിരെ ചുമത്തുക പഴയ ഐ.പി.സി നിയമത്തിലെ വകുപ്പുകളായിരിക്കും. പുതിയ നിയമം വന്ന ജൂലായ് ഒന്നിനുമുമ്പുള്ള കുറ്റങ്ങളായതിനാലാണിത്. എഫ്.ഐ.ആർ അടക്കം നടപടികളെല്ലാം സി.ആർ.പി.സിക്ക് പകരമുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമാണ്. കുറ്റങ്ങളും ശിക്ഷയും ഐ.പി.സി പ്രകാരവും.
വിചാരണയിൽ തിരിച്ചടിയൊഴിവാക്കാൻ ശക്തമായ തെളിവുകൾ ശേഖരിക്കണം. മൊഴി മാറ്റാമെന്നതിനാൽ മജിസ്ട്രേറ്റിനു മുന്നിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിക്കുക ശ്രമകരമാണ്. ടവർ ലൊക്കേഷൻ,സി.സി.ടി.വി തെളിവുകൾ ലഭിക്കാനിടയില്ല. ഫോറൻസിക്, വൈദ്യ പരിശോധനകളും അസാദ്ധ്യം. അതിനാൽ കേസിന്റെ ബലത്തിന് അതിക്രമങ്ങളെക്കുറിച്ച് പരാതിക്കാർ വിവരമറിയിച്ചവരെ സാക്ഷികളാക്കും. പരിശോധനയും അറസ്റ്റുമെല്ലാം വീഡിയോയിലാക്കും.
ഡിജിറ്റൽ തെളിവുകൾ
പുതിയനിയമപ്രകാരം ഡിജിറ്റൽ തെളിവുകൾ പ്രാഥമിക തെളിവുകളാണ്. പരാതിക്കാർക്ക് പ്രതികൾ അയച്ച വാട്സ്ആപ്പ്, ശബ്ദ സന്ദേശങ്ങൾ, ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ, വീഡിയോകൾ നിർണായകമാവും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവിടാത്ത രണ്ടാം ഭാഗത്തിൽ പെൻഡ്രൈവുകളിലും സി.ഡികളിലുമുള്ള ഇത്തരം തെളിവുകളാണ്. പരാതിക്കാരുടെ ഫോൺ മാറുകയോ നശിപ്പിക്കുകയോ ചെയ്തെങ്കിൽ ദൃശ്യങ്ങളുടെയും രേഖകളുടെയും പകർപ്പുകളും പ്രാഥമിക തെളിവുകളാവും.
കുറ്റവും ശിക്ഷയും
ഐ.പി.സി -354 (സ്ത്രീത്വത്തെ അപമാനിക്കൽ), 376 (പീഡനം), 503 (ഭീഷണി) എന്നിവയാണ് പ്രധാനമായി ചുമത്തുക. 376-ാം വകുപ്പിന് ജീവപര്യന്തം വരെയും 354-ാം വകുപ്പിന് 7വർഷം വരെ തടവും പിഴയും കിട്ടാം.
'സീറോ എഫ്.ഐ.ആർ'
എവിടെയും കേസെടുക്കാം
1)പരാതിക്കാർ ഇപ്പോഴുള്ള സ്ഥലത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ഏത് സ്റ്റേഷനിലും പരാതി രജിസ്റ്റർ ചെയ്യാവുന്ന പുതിയനിയമത്തിലെ 'സീറോ എഫ്.ഐ.ആർ' അനുസരിച്ചാണിത്.
2)വിവരം ലഭിച്ച സ്റ്റേഷനിൽ കേസെടുത്തശേഷം, പ്രത്യേകസംഘത്തിന് കൈമാറും. ബലാത്സംഗക്കുറ്റം ചുമത്തും മുൻപ് പ്രാഥമികാന്വേഷണമുണ്ടാവും.
3)കേസെടുത്ത് 90ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതിക്ക് ജാമ്യംകിട്ടും. ഗുരുതര കേസുകളിൽ കോടതിക്ക് 180 ദിവസം വരെ നീട്ടിനൽകാം. വിചാരണ തീർന്ന് 30ദിവസത്തിനകം വിധിപറയണം.
''പ്രോട്ടോക്കോൾ പ്രകാരമായിരിക്കും അന്വേഷണം. പരമാവധി തെളിവുകൾ ശേഖരിക്കും.''
-ജി.സ്പർജ്ജൻകുമാർ, ഐ.ജി