ഇന്ത്യയിലെ ഏറ്റവും വലിയ സംവിധാനം, നേട്ടം സ്വന്തമാക്കി കൊച്ചി വിമാനത്താവളം

Thursday 29 August 2024 12:10 AM IST
കൊച്ചി വിമാനത്താവളം


മുന്നേറ്റ പാതയില്‍ സിയാല്‍

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍(സിയാല്‍) രാജ്യത്തെ ഏറ്റവും വലിയ 0484 എയ്‌റോ ലോഞ്ച് സെപ്തംബര്‍ ഒന്നിന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം, പുതിയ ഫുഡ് കോര്‍ട്ടുകള്‍, ലോഞ്ചുകള്‍ എന്നിവയുടെ നിര്‍മാണവും ശുചിമുറികളുടെ നവീകരണവും സിയാലില്‍ അതിവേഗം പുരോഗമിക്കുകയാണ്. 2022ല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തശേഷം 2000ലധികം സ്വകാര്യ ജെറ്റുകളാണ് സിയാല്‍ കൈകാര്യം ചെയ്തത്. ബിസിനസ് ജെറ്റിനുള്ള രണ്ടാം ടെര്‍മിനലിലാണ് എയ്‌റോ ലോഞ്ച്.

മന്ത്രിമാരായ പി. രാജീവ്, കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, സിയാല്‍ ഡയറക്ടര്‍മാരായ എം.എ. യൂസഫലി., ഇ.കെ. ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എന്‍.വി. ജോര്‍ജ്, ഇ.എം. ബാബു, പി. മുഹമ്മദാലി എന്നിവര്‍ പങ്കെടുക്കും.

'കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യം'

എറണാകുളത്തിന്റെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന്റെ നാമകരണം. 'കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യം' എന്ന ആശയത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് സമീപമുള്ള 0484 ലോഞ്ച് എല്ലാവര്‍ക്കും ആസ്വദിക്കാം. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോവര്‍ക്കിംഗ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, കഫേ ലോഞ്ച് എന്നിവയുണ്ട്.


'യാത്രക്കാര്‍ക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കാന്‍ സിയാല്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ വിവിധ പദ്ധതികളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

എസ്. സുഹാസ്- മാനേജിംഗ് ഡയറക്ടര്‍, സിയാല്‍