ഓൺലൈൻ ഷെയർ ട്രേഡിംഗ് വീട്ടമ്മയുടെ ഒന്നേകാൽ കോടി തട്ടിയ അഹമ്മദാബാദ് സ്വദേശി പിടിയിൽ

Thursday 29 August 2024 1:07 AM IST
അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം പ്രതി വിജയ് സോൻഖർ (ഇരിക്കുന്നയാൾ)

ആലുവ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ ഒന്നേകാൽ കോടി രൂപയോളം തട്ടിയ ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറിൽ വിജയ് സോൻഖറിനെ (27) എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ആലുവ സ്വദേശിയായ വീട്ടമ്മ സോഷ്യൽ മീഡിയ വഴിയാണ് ഓൺലൈൻ ട്രേഡിംഗ് സംഘത്തെ പരിചയപ്പെട്ടത്. ആദ്യം ചെറിയ തുക നിക്ഷേപിച്ച വീട്ടമ്മയ്ക്ക് ലാഭമെന്നു പറഞ്ഞ് സംഘം വലിയ തുക അയച്ചുകൊടുത്തു. തുടർന്ന് കൂടുതൽ പണം തട്ടിപ്പുകാർ പറയുന്ന അക്കൗണ്ടുകളിൽ നിക്ഷേപിച്ചുകൊണ്ടിരുന്നു. നിക്ഷേപത്തുകയുടെ ലാഭം അവരുടെ പേജുകളിൽ കാണിക്കും. വിവിധ ഘട്ടങ്ങളിലായി ഒന്നേകാൽ കോടിയോളം നിക്ഷേപിച്ചു. പണം തിരികെയെടുക്കാൻ ശ്രമിച്ചപ്പോൾ സംഘം സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷരായി. ഫോൺ നമ്പരും ഉപയോഗത്തിലില്ലാതായി. അഹമ്മദാബാദിലെ വീടിന് പരിസരത്ത് പൊലീസ് ടീം വേഷം മാറി ദിവസങ്ങളോളം താമസിച്ചാണ് വിജയിനെ സാഹസികമായി പിടികൂടിയത്. വി.എസ് ട്രേഡ് എന്ന വ്യാജസ്ഥാപനമുണ്ടാക്കി ജി.എസ്.ടി സർട്ടിഫിക്കറ്റും ദേശസാത്കൃത ബാങ്കിൽ കറന്റ് അക്കൗണ്ടും തുടങ്ങി വ്യാപക തട്ടിപ്പാണ് പ്രതി നടത്തിയിരുന്നത്.

ഡിവൈ.എസ്.പി ടി.എം. വർഗീസ്, സബ് ഇൻസ്‌പെക്ടർമാരായ എ.കെ. സന്തോഷ് കുമാർ, ടി.കെ. വർഗീസ്, എ.എസ്.ഐ വി.എൻ. സിജോ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

Advertisement
Advertisement