യുവനടിയുടെ പീഡന പരാതി; എഫ്‌ഐആർ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സിദ്ദിഖ്
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പരാതിയുടെ പകർപ്പും എഫ്‌ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്. ഇതുസംബന്ധിച്ച് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സിദ്ദിഖിനെതിരായ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും.
യുവനടി പരാതിയിൽ പറയുന്ന ദിവസങ്ങളിൽ നടിയും സിദ്ദിഖും ഒരേ ഹോട്ടലിലുണ്ടായിരുന്നുവെന്നും പ്രിവ്യൂ ഷോയ്ക്കും ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴിനൽകിയിരിക്കുന്നത്.
ഈ സമയം മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തിൽ രക്ഷപെടുകയായിരുന്നു. 21വയസുള്ളപ്പോഴാണ് ഈ സംഭവമെന്നും നടി ആരോപിക്കുന്നു.
2018ൽ സമൂഹമാദ്ധ്യമത്തിലിട്ട കുറിപ്പും 2021ൽ ഓൺലൈൻ മാദ്ധ്യമത്തിൽ ഇതേക്കുറിച്ചുള്ള വാർത്തയും തെളിവായി നടി കൈമാറിയിട്ടുണ്ട്. സിദ്ദിഖിനെതിരേ തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് ഡി.ജി.പിയോട് പരാതിപ്പെട്ടിരുന്നു. സിദ്ദിഖിന്റെ അറസ്റ്റിന് പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.