അതു നടന്നാൽ കൊല്ലത്തിന് വമ്പൻ നേട്ടം,​ പക്ഷേ ഇനിയും നാലുമാസത്തിലേറെ കാത്തിരിക്കണം

Thursday 29 August 2024 7:41 PM IST

കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ അടുത്തമാസം തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ധന പര്യവേക്ഷണം വൈകാൻ സാദ്ധ്യത. കൊല്ലം തീരം, ആൻഡമാൻ, ആന്ധ്രയിലെ അമലാപുരം എന്നിവിടങ്ങളിൽ പര്യവേക്ഷണത്തിന്, യു.കെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിംഗുമായി ഓയിൽ ഇന്ത്യ കരാറിൽ ഒപ്പിട്ടിരുന്നു. ഇതിൽ ആൻഡമാനിൽ ആദ്യം പര്യവേക്ഷണം ആരംഭിക്കാനാണ് ഓയിൽ ഇന്ത്യയുടെ ഇപ്പോഴത്തെ ആലോചന.

മൂന്നിടത്തെയും പര്യവേക്ഷണം 14 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് കരാർ. പ്രത്യേക സാഹചര്യത്തിൽ ഏഴ് മാസം കൂടി നീട്ടാനും കരാറിൽ വ്യവസ്ഥയുണ്ട്. ആൻഡമാനിലാണ് ആദ്യ പര്യവേക്ഷണമെങ്കിൽ കൊല്ലം തീരത്ത് ആരംഭിക്കാൻ കുറഞ്ഞത് നാല് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ആന്ധ്രയ്ക്കും ശേഷമാണ് കൊല്ലത്തെ പര്യവേക്ഷണമെങ്കിൽ, അടുത്ത വർഷം പകുതിയിലേക്ക് നീളും.

ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ റിഗായ ബ്ലാക്ക്ഫോർഡ് ഡോൾഫിൻ ഉപയോഗിച്ച് ഇന്ധന പര്യവേക്ഷണം നടത്താനാണ് ഓയിൽ ഇന്ത്യയുമായുള്ള കരാർ. നൈജീരിയയിൽ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ബ്ലാക്ക്ഫോർഡ് ഡോൾഫിൻ അവിടത്തെ തർക്കത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ച് ജൂലായ് ആദ്യം ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു. ഇപ്പോൾ മൗറീഷ്യൻ തീരത്ത് കൂടി സഞ്ചരിക്കുന്ന റിഗ് ആൻഡമാനിലേക്ക് എത്താനാണ് സാദ്ധ്യത.

നടക്കുന്നത് ദ്രവ വാതക പര്യവേക്ഷണം

 ഡോൾഫിൻ ഡ്രില്ലിംഗുമായുള്ള കരാർ 1252 കോടി

 പര്യവേക്ഷണ സഹായം കൊല്ലം പോർട്ട് കേന്ദ്രീകരിച്ച്

 6000 മീറ്റർ ആഴത്തിൽ പര്യവേക്ഷണ കിണർ

 ഇന്ധനം കണ്ടെത്തിയാൽ വമ്പൻ നേട്ടം

 കൊല്ലത്ത് ഇന്ധന സംസ്കരണ വ്യവസായം രൂപപ്പെടാം

 രണ്ടര വർഷം മുൻപ് നേരിയ സാദ്ധ്യത കണ്ടെത്തി

ബ്ലാക്ക്ഫോർഡ് ഡോൾഫിൻ

 കൂറ്റൻ ഇന്ധന പര്യവേക്ഷണ റിഗ്

 120 പേർക്ക് ഉള്ളിൽ തങ്ങാം

 160 അടി ഉയരം

 12.2 മീ X 10.7 മീ വീതി