പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് സ്വർണം, റെക്കോഡ് നേട്ടത്തോടെ അവനി ലേഖ്‌റ, വെങ്കലം നേടി മോന അഗർവാളും

Friday 30 August 2024 5:40 PM IST

പാരീസ്: പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ് എച്ച്1 വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യയ്‌ക്ക് സ്വർണനേട്ടം. ഇത്തവണ റെക്കോഡോടെയാണ് ഇന്ത്യയുടെ വിജയനേട്ടം. ഷൂട്ടർ അവനി ലേഖ്‌റയാണ് 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ് എച്ച്1 വിഭാഗത്തിൽ സ്വർണം നേടിയത്. ഈ വിഭാഗത്തിൽ ഇന്ത്യയ്‌ക്ക് വെങ്കലവുമുണ്ട്. 36കാരി മോന അഗർവാളാണ് വെങ്കലം നേടിയത്.

കഴിഞ്ഞ ടോക്യോ പാരാലിമ്പിക്‌സിലും ഇന്ത്യയ്‌ക്കായി അവനി സ്വർണം നേടിയിരുന്നു. വനിതകളുടെ 50 മീറ്റർ റൈഫിൾ3 പൊസിഷൻസ് എസ്എച്ച് 1 വിഭാഗത്തിൽ അത്തവണ വെങ്കലവും അവനി സ്വന്തമാക്കിയിരുന്നു. പാരാലിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ മൂന്ന് മെഡൽ നേടുന്ന ആദ്യ വനിതയായി അവനി ലേഖ്‌റ.

ജപ്പാനിൽ അവനി കുറിച്ച 249.6 എന്ന റെക്കോഡ് ആണ് ഇന്ന് തകർത്തത് 249.7 ആണ് പുതിയ റെക്കോഡ്. 22കാരിയായ അവനിയ്‌ക്ക് 11 വയസിൽ സംഭവിച്ച കാർ അപകടമാണ് അരയ്‌ക്ക് താഴെ തളർന്നുപോകാൻ കാരണമായത്. ശാരീരിക അസ്വസ്ഥതകൾ കൊണ്ട് വിഷമിക്കുന്നതിനിടയിലും ഇത്തവണ അവനി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് പിതാവ് പ്രവീൺ കുമാർ ലേഖ്‌റ അറിയിച്ചു.