നടിയുടെ മൊഴിയെടുത്ത് കോടതി; അഭിഭാഷകനെ കണ്ട് മുകേഷ്
കൊച്ചി: മുകേഷും ജയസൂര്യയുമുൾപ്പെടെ ഏഴു പേർക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ നടിയുടെ രഹസ്യമൊഴി ഇന്നലെ എറണാകുളം മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച നടപടി വൈകിട്ടുവരെ നീണ്ടു. പരാതിയിൽ ഉറച്ചുനിൽക്കുന്നതായി നടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇടവേള ബാബു, മണിയൻപിള്ള രാജു, വി.എസ്. ചന്ദ്രശേഖരൻ, വിച്ചു, നോബിൾ എന്നിവരാണ് നടിയുടെ പരാതിയിലെ മറ്റുള്ളവർ.
പ്രത്യേക അന്വേഷണ സംഘവും നടിയുടെ മൊഴി രേഖപ്പെടുത്തി. മുകേഷിനെതിരെ മരട് സ്റ്റേഷനിലെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി കെ.ബി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. സെപ്തംബർ രണ്ടിന് മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ അറിയിക്കാനാണ് വീണ്ടും മൊഴിയെടുത്തത്.
അതേസമയം, മുകേഷ് ഇന്നലെ കൊച്ചിയിലെത്തി അഭിഭാഷകൻ ജിയോ പോളുമായി കൂടിക്കാഴ്ച നടത്തി. കൈവശമുള്ള തെളിവുകളും കൈമാറി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ വാട്‌സാപ്പ് ചാറ്റുകൾ, ഇ മെയിലുകൾ തുടങ്ങി കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനാണ് നീക്കം. നടിയുമായി സൗഹൃദം പങ്കുവയ്ക്കുന്ന മെയിലും പിന്നീട് പണം ആവശ്യപ്പെട്ടുള്ള നടിയുടെ വോയ്സ് മെസേജും മുകേഷ് കോടതിയിൽ ഹാജരാക്കിയിരുന്നു.
കെട്ടിച്ചമച്ചതെന്ന് നടി
മുകേഷ് കോടതിയിൽ സമർപ്പിച്ചെന്ന് പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതെന്ന് നടി പറഞ്ഞു. മുകേഷിന് അങ്ങനെ ഒരു ഇമെയിൽ അയച്ചിട്ടില്ല. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഇടപെടാമെന്ന് പറഞ്ഞത് സത്യമാണ്. 2009ൽ കലണ്ടർ സിനിമയുടെ സെറ്റിൽവച്ച് കണ്ടപ്പോൾ എന്റെ കൈയിൽ ലാപ്ടോപ്പ് ഉണ്ടായിരുന്നു. ഇത് തന്നെയൊന്ന് വീട്ടിൽവന്ന് പഠിപ്പിക്കാമോയെന്ന് ചോദിച്ചു. ലാപ്‌ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഇമെയിൽ അയയ്ക്കും.