85 ശതമാനം ക്വാറികളും അനധികൃതം: ഗാഡ്ഗിൽ
തിരുവനന്തപുരം: കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതമെന്നും രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ.
ഒരു മാനദണ്ഡവുമില്ലാതെ ഇപ്പോഴും ക്വാറികൾ അനുവദിക്കുന്നു. ഇതുമൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നത് പാവം ജനമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അസംബ്ലി ഒഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ് (എ.സി.ടി.എസ്) സംഘടിപ്പിച്ച സംവാദത്തിൽ ഓൺലൈനായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദുരന്തസാദ്ധ്യതാമേഖലകളിൽ റിസോർട്ട് ടൂറിസം ഒഴിവാക്കണം. ഗോവയിലേതു പോലെ തദ്ദേശീയരുടെ ഹോം സ്‌റ്റേയിലേക്ക് മാറണം. തോട്ടം മേഖലയുടെ നടത്തിപ്പ് തൊഴിലാളി സഹകരണസംഘങ്ങളെ ഏൽപ്പിക്കണം. അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ഗാഡ്ഗിൽ ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭങ്ങളെ തടയാനാവില്ലെങ്കിലും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനാവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. എട്ടുവർഷമായി സംസ്ഥാന ദുരന്തനിവാരണ പദ്ധതി പുതുക്കിയിട്ടില്ല.
ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി, ചരിത്രകാരൻ എം.ജി. ശശിഭൂഷൺ, ബിഷപ്പുമാരായ മാത്യൂസ് മാർ സിൽവാനിയോസ്, മോഹൻ മാനുവൽ, എ.സി.ടി.എസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, രജിസ്ട്രാർ പി.സുദീപ് എന്നിവരും സംസാരിച്ചു.
അപകട മേഖല
വേർതിരിക്കണം
ഉരുൾപൊട്ടൽ സാദ്ധ്യതാമേഖലകളിൽ സുരക്ഷിതവും അല്ലാത്തതുമായ സ്ഥലങ്ങൾ വേർതിരിച്ച് മുൻകരുതലെടുക്കണമെന്ന് ജോൺ മത്തായി
സ്ഥലപരിശോധനയ്ക്ക് ജില്ലാതലത്തിൽ ശാസ്ത്രജ്ഞൻമാരും പ്രായോഗിക അറിവു നേടിയ പ്രദേശവാസികളും ഉൾപ്പെട്ട സംഘത്തെ ചുമതലപ്പെടുത്തണം
പരമ്പരാഗത അറിവുകൾ ഉൾപ്പെട്ട വികസനമാണ് കേരളത്തിന് ആവശ്യമെന്ന് എം.ജി. ശശിഭൂഷൺ പറഞ്ഞു