ആർ.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് ഇന്ന് തുടക്കം

Saturday 31 August 2024 3:32 AM IST

പാലക്കാട്: ആർ.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക് ഇന്ന്മുതൽ സെപ്റ്റംബർ 2 വരെ പാലക്കാട് അഹല്യ കാമ്പസിൽ നടക്കും. ആർ.എസ്.എസ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹ്യ പരിവർത്തനത്തിനായി പരിശ്രമിക്കുന്ന 32 വിവിധ സംഘടനകളുടെ ദേശീയ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കളും മറ്റ് സംഘടനകളുടെ ദേശീയ അദ്ധ്യക്ഷൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി,എന്നിവരും, മറ്റു പ്രധാന ദേശീയ ഭാരവാഹികളായ 230 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ആദ്യമായാണ് ആർ.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് കേരളത്തിൽ നടക്കുന്നത്.

സംഘടനകളുടെ പ്രവർത്തന അനുഭവവും സംഘടനാ റിപ്പോർട്ടും യോഗത്തിൽ ചർച്ചയാവും. വ്യത്യസ്ത രംഗങ്ങളിലെ പ്രവർത്തനങ്ങളിൽ ഇവർക്കുണ്ടായ അനുഭവങ്ങൾ, പ്രശ്നങ്ങൾ, നേട്ടങ്ങൾ, വിലയിരുത്തലുകൾ എന്നിവയും ,ദേശസുരക്ഷ, ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട തുടങ്ങിയവയും ചർച്ച ചെയ്യുമെന്ന് സുനിൽ ആംബേകർ വിശദീകരിച്ചു.

ആർ.എസ്.എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹകന്മാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ.മുകുന്ദ, അരുൺ കുമാർ, അലോക് കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആർ.എസ്.എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബലറാമും,​ അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷിയും സംബന്ധിച്ചു.

Advertisement
Advertisement