പീഡന വിവരം അറിഞ്ഞത് എമ്പുരാൻ സെറ്റിൽ വച്ച്; ഉടൻ നടപടിയെടുത്തെന്ന് പൃഥ്വിരാജ്

Saturday 31 August 2024 9:58 AM IST

തിരുവനന്തപുരം: 'ബ്രോ ഡാഡി' സിനിമയുടെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. വിവരമറിഞ്ഞയുടൻ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മൻസൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ എമ്പുരാൻ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു- പൃഥ്വി വ്യക്തമാക്കി.

2021 ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം മൻസൂർ പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. പ്രധാന താരങ്ങൾ ഒഴികെ ചിത്രത്തിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.


പരാതി അറിഞ്ഞിട്ടും മൻസൂറിനെ 'എമ്പുരാൻ' സിനിമയുടെ ഭാഗമാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് ഇയാളെ നീക്കിയെന്നാണ് അണിയറയിലുള്ളവർ അറിയിച്ചതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.