ഇ പി ജയരാജനെതിരെ അച്ചടക്ക നടപടി; എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി, പകരം ചുമതല ടിപി രാമകൃഷ്ണന്

Saturday 31 August 2024 10:20 AM IST

തിരുവനന്തപുരം: ഇ പി ജയരാജനെ എൽ ഡി എഫ് കൺവീന‌ർ സ്ഥാനത്തുനിന്ന് നീക്കി. ഇപിയ്‌ക്ക് ബി ജെ പിയുമായുള്ള ബന്ധമാണ് നടപടിയിലേക്ക് നയിച്ചത്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ടി പി രാമകൃഷ്ണന് പകരം ചുമതല നൽകും. സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

നടപടിയെടുത്തതിനെപ്പറ്റി തനിക്കൊന്നും പറയാനില്ലെന്നും, പറയാനുള്ളപ്പോൾ അറിയിക്കാമെന്നും ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി തീരുമാനം അറിഞ്ഞിട്ടില്ലെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു. സി പി എം സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ കണ്ണൂരിലെ വീട്ടിൽ തിരിച്ചെത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇ പിയും പാർട്ടിയും തമ്മിലുള്ള ചേരിതിരിവ് പ്രകടമായിരുന്നു. പലപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ ഉൾപ്പെടെ ഇ പി നടത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു.

രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നുപറയാൻ വോട്ടെടുപ്പ് ദിവസം തന്നെ ഇപി തിരഞ്ഞെടുത്തത് ബിജെപിയുമായുണ്ടാക്കിയ രഹസ്യ ധാരണപ്രകാരമായിരുന്നോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. ചിലർ ഇത് പരസ്യമായി തന്നെ പറയുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോർട്ടും ഇ.പി ജയരാജന് ബന്ധമുള്ള വൈദേകം റിസോർട്ടും തമ്മിൽ ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു.


എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കാണും

ഇ പിക്കെതിരായ നടപടിയെപ്പറ്റി കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വൈകിട്ട് മൂന്നരയ്ക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.


അതേസമയം, പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. നടപടിയെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്ന് പി ബി അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി. എൽ ഡി എഫ് കൺവീനർ എന്ന സ്ഥാനത്തിനൊക്കെ പ്രസക്തിയില്ലാതായിട്ട് കാലം കുറേയായെന്ന് രാഷ്ട്രീയ നിരീക്ഷകൻ എസ് ജയശങ്കർ പറഞ്ഞു.