'മലയാള നിർമാതാവും  സുഹൃത്തുക്കളും ബലാത്സംഗം  ചെയ്യാൻ ശ്രമിച്ചു'; മുതിർന്ന സംവിധായകനെതിരെ ആരോപണം ഉന്നയിച്ച് ചർമിള

Saturday 31 August 2024 10:26 PM IST

തിരുവനന്തപുരം: നടന്മാർ, സംവിധായകർ, നിർമാതാക്കൾ തുടങ്ങി 28 പേർ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ചാർമിള. 'അർജുനൻ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയിലെ നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും നടി ഒരു മലയാളം മാദ്ധ്യമത്തോട് പറഞ്ഞു.

തന്റെ കുടുംബം ഇടപെട്ടാണ് എന്നെ രക്ഷിച്ചതെന്ന് ചാർമിള പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്. താൻ വഴങ്ങുമോയെന്ന് നടൻ വിഷ്ണുവിനോട് ഹരിഹരൻ ചോദിച്ചതായും ചാർമിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും നടി വെളിപ്പെടുത്തി. ഒരു മകളാണ് കേസിന് പോകാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.

'1997ൽ പുറത്തിറങ്ങിയ 'അർജുനൻ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയ്‌ക്കിടെ കൂട്ട ബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡന ശ്രമത്തിനിടെ മുറിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദ്ദിച്ചു. ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. അവസാനം ഹോട്ടൽ മുറിയിൽ ഓടിയപ്പോൾ രക്ഷിച്ചത് ഓട്ടോ ഡ്രെെവറാണ്. നിർമാതാവ് എംപി മോഹനനും സുഹൃത്തുക്കളുമാണ് ബലാത്സംഗത്തിന് ശ്രമിച്ചത്. താൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അതിന് കഴിഞ്ഞില്ല. ഒരുപാട് മലയാള സിനിമകൾ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണ്', - നടി പറഞ്ഞു.