പൂക്കൾ നിറയും ഗ്രാമം' പദ്ധതിയിലെ വിളവെടുപ്പ്
പന്തളം:പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും,സംസ്ഥാന ഹോർട്ടി കൾചർ മിഷൻനും ചേർന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ''പൂക്കൾ നിറയും ഗ്രാമം' പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം പറന്തൽ മരിയ ഗാർഡൻസിൽ കെ.ഐ. വർഗീസിന്റെ കൃഷി സ്ഥലത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.'കൃഷി സമൃദ്ധി പഞ്ചായത്തായി തെരഞ്ഞെടുത്തിരിക്കുന്ന പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പൂഷ്പ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി കുടുംബിനികളുടെ സാമ്പത്തിക ഭദ്രതയ്ക്കും ലക്ഷ്യമിട്ടാണ് ഓണക്കാലത്ത് വിളവെടുക്കുന്നതിനായി ജെണ്ടു മല്ലി കൃഷി ആരംഭിച്ചത്. കണ്ണും മനവും നിറച്ച് ഗ്രാമത്തിൽ 35 കർഷകരാണ് ഈ പദ്ധതിയിൽ പങ്കാളികളായത്. ഓരോ വാർഡിലും ഉത്സവം പോലെയാണ് വിളവെടുപ്പ് നടക്കുന്നത്. 25 സെന്റ് മുതൽ രണ്ട് ഏക്കർ വരെയുള്ള കൃഷി സ്ഥലങ്ങളാണ് ജെണ്ടു മല്ലി കൃഷിക്കായി തിരഞ്ഞെടുത്തത്. ഓണക്കാലം കഴിഞ്ഞാൽ ഉടൻ തന്നെ കുറ്റി മുല്ല കൃഷിയും ആരംഭിക്കും. ഉത്സവ സീസൺ ലക്ഷ്യമാക്കി അടുത്ത കൃഷി ആരംഭിക്കുന്നതിനായും പദ്ധതി ലക്ഷ്യമിടുന്നു. വിളവെടുപ്പ് ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, പ്രിയ ജ്യോതി കുമാർ,പൊന്നമ്മ വർഗീസ് , ശ്രീവിദ്യ, പ്രസാദ് കുമാർ, കവിതാ എസ്. ലാലി സി,രാജി പ്രസാദ്, സന്തോഷ് കുമാർ ജി, ജസ്റ്റിൻ, എം.സുരേഷ്, റീന രാജു , ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, തൊഴിലാളികൾ കർഷകർ എന്നിവർ പങ്കെടുത്തു.