എൽ.ഡി.എഫിനെ നയിക്കാൻ സി.പി.എമ്മിലെ സൗമ്യമുഖം
കോഴിക്കോട്: കരുത്തനായ നേതാവും പാർട്ടിയിലെ ക്ഷോഭിക്കുന്ന മുഖവുമായ ഇ.പി ജയരാജൻ പടിയിറങ്ങിയപ്പോൾ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് വരുന്നത് സൗമ്യനായ ടി.പി രാമകൃഷ്ണൻ. ഏതു പ്രതിസന്ധിയെയും ചെറുചിരിയോടെ നേരിട്ട് സൗമ്യമായി പ്രതികരിക്കുന്ന ടി.പിക്ക് എൽ.ഡി.എഫ് എന്ന വലിയ കോട്ടയിൽ വിള്ളലുണ്ടാവാതെ നോക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടി നേതൃത്വം.
സി.പി.എം സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും പേരാമ്പ്രയിൽ നിന്നുള്ള നിയമസഭാംഗവുമാണ്. നിയമസഭയിൽ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് കൂടിയാണ്.
ഒന്നാം പിണറായി സർക്കാരിൽ എക്‌സൈസ്, തൊഴിൽ മന്ത്രിയായും 10 വർഷം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച അനുഭവ പരിചയമുണ്ട്.
അടിയന്തരാവസ്ഥ കാലത്ത് കക്കയം ക്യാമ്പിൽ കൊടിയ മർദ്ദനത്തിനിരയായിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
1970ലെ എസ്.എഫ്.ഐ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തു. എസ്.എഫ്.ഐ കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായി. 1968 മുതൽ സി.പി.എം അംഗം. 1972ൽ കീഴരിയൂർ മിച്ചഭൂമി സമര കേന്ദ്രം ലീഡറായി. 1972 മുതൽ പേരാമ്പ്ര എസ്‌റ്റേറ്റ് ലേബർ യൂണിയൻ സെക്രട്ടറി. 18 വർഷം സെക്രട്ടറിയും പ്രസിഡന്റുമായി മുതുകാട്ടിലും ചക്കിട്ടപാറയിലും തോട്ടം തൊഴിലാളികൾക്കൊപ്പം പ്രവർത്തിച്ചു. ജന്മദേശമായ കീഴരിയൂരിൽനിന്ന് ചക്കിട്ടപ്പാറയിലേക്ക് താമസം മാറുന്നത് ഇക്കാലത്താണ്.
അടിയന്തരാവസ്ഥയിൽ 1976 ഫെബ്രുവരി 25ന് പേരാമ്പ്രയിൽ അറസ്റ്റിലായി. 18 ദിവസം പേരാമ്പ്രയിൽ ലോക്കപ്പിലും മൂന്നു മാസം കോഴിക്കോട് ജില്ലാ ജയിലിലുമായി.
2004 മുതൽ 2014 വരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി. മൂന്നു തവണ പേരാമ്പ്ര എം.എൽ.എ. കൊയിലാണ്ടി നമ്പ്രത്തുകരയിലെ ഉണിച്ചിരാംവീട്ടിൽ പരേതരായ ശങ്കരന്റെയും മാണിക്കത്തിന്റെയും മകനാണ്. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗം എം.കെ നളിനിയാണ് ഭാര്യ. മക്കൾ: രജുലാൽ, രഞ്ജിനി. മരുമക്കൾ: പ്രജിത, ബിപിൻ.
എല്ലാവരേയും ചേർത്തുനിറുത്തും: ടി.പി രാമകൃഷ്ണൻ
കോഴിക്കോട്: പാർട്ടി നൽകിയ പുതിയ ചുമതല ഏറ്റെടുത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങളെ അണിനിരത്താനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് പ്രധാനമെന്ന് സി.പി.എം നേതാവ് ടി.പി രാമകൃഷ്ണൻ. ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞുവെന്നും ടി.പി രാമകൃഷ്ണന് പകരം ചുമതല നൽകിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രദേശങ്ങളിൽ പാർട്ടി നൽകിയ ചുമതലകളിൽ കഴിവനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതെല്ലാം സത്യസന്ധമായി നടപ്പാക്കി. ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകും. ഏതെങ്കിലും വ്യക്തിയുടെ നിലപാടിനുസരിച്ച് മുന്നോട്ട് പോകുകയല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ എല്ലാ പാർട്ടികളുടേയും നിലപാട് മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.