മലയാളത്തിൽ പ്രായമായവർക്കുപോലും രക്ഷയില്ല; ദുരനുഭവം തുറന്നുപറഞ്ഞ് നടി ലക്ഷ്‌മി രാമകൃഷ്ണന്‍
തിരുവനന്തപുരം:മലയാള സിനിമയിൽ പ്രായമുളള സ്ത്രീകളോടുപാേലും മോശമായി പെരുമാറുന്ന പ്രവണത പതിവാണെന്ന് തുറന്നുപറഞ്ഞ് നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രമുഖ സംവിധായകന്റെ താൽപ്പര്യത്തിന് വഴങ്ങാത്തതിനാൽ നിസാരമായ സീൻപോലും 19 തവണ റീടേക്ക് എടുക്കേണ്ടിവന്നിട്ടുണ്ടെന്നും അവർ ഒരു ചാനലിനോട് വെളിപ്പെടുത്തി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നതെന്നും നടി പറഞ്ഞു.
കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഇത് നിരസിച്ചതിനാൽ ഒരു ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി രാമകൃഷ്ണൻ പറഞ്ഞു. ഇന്ന് ഇവിടെ എന്റൊപ്പം സ്റ്റേ ചെയ്യണം, എന്നാലേ ലക്ഷ്മിക്ക് ആ റോൾ ഉള്ളു എന്ന് പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി, ഞാൻ നല്ല മെസേജ് തിരിച്ചയച്ചു. ശരിക്കും പറഞ്ഞു, അതോടെ എന്റെ റോളും പോയി എന്നാണ് ലക്ഷ്മി പറയുന്നത്.
മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലൊക്കേഷനിലും ദുരനുഭവം ഉണ്ടായി എന്ന് തുറന്നുപറഞ്ഞ നടി അമ്മവേഷങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് തമിഴിൽ ബഹുമാനം ലഭിക്കുമെന്നും പറഞ്ഞു. ഹേമ കമ്മിറ്റിപോലൊന്ന് മലയാളത്തിൽ മാത്രമേ സാദ്ധ്യമാകൂ എന്നും ലക്ഷ്മി പറഞ്ഞു.
ജേക്കബിന്റെ സ്വർഗരാജ്യം അടക്കം നിരവധി മലയാള സിനിമകളിൽ ലക്ഷ്മി ശ്രദ്ധേമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ശക്തമായ നിലപാടുകളാണ് എന്നും ലക്ഷ്മി സ്വീകരിച്ചിരുന്നത്.