ബിരിയാണി തിന്നാൻ ബാപ്പുക്കോയയോട് മത്സരിക്കല്ലേ, 58കാരൻ ഒറ്റയിരുപ്പിന് അകത്താക്കിയത് ആറുകിലോ!
പരപ്പനങ്ങാടി: എവിടെ തീറ്റമത്സരമുണ്ടോ... ബാപ്പുക്കോയ റെഡി. ആരൊക്കെ മത്സരിക്കാനുണ്ടെങ്കിലും പങ്കെടുത്താൽ കപ്പും കൊണ്ടേ ബാപ്പുക്കോയ തിരിച്ചു വരൂ. അത് നിർബന്ധമാണ്. ഒടുവിലത്തെ മത്സരത്തിലും അതുതന്നെ സംഭവിച്ചു. കൊടക്കാട് ആലിൻചുവട് സ്വദേശിയായ 58കാരനായ ബാപ്പുക്കോയയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന തീറ്റമത്സരത്തിൽ ഒന്നാം സമ്മാനമായ ഒരുലക്ഷം രൂപ കാഷ് അവാർഡ് നേടിയത്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറിൽപരം മത്സരാർത്ഥികളോട് പോരാടിയാണ് ബാപ്പുക്കോയ വിജയം കൈവരിച്ചത്. രണ്ട് കിലോ ബിരിയാണി കൊള്ളുന്ന കപ്പ് മൂന്നെണ്ണമാണ് ഇദ്ദേഹം അകത്താക്കിയത്.
പങ്കെടുത്ത പലർക്കും രണ്ട് കപ്പിലെ ബിരിയാണി പോലും കഴിക്കാനായില്ല. ഒരു കാലത്ത് നാട്ടിലെ ക്ലബുകൾ സംഘടിപ്പിക്കുന്ന തീറ്റമത്സരങ്ങളിലെ അജയ്യനായ താരമായിരുന്നു കൊടക്കാട്ടുകാരനായ ഈ ഓട്ടോ ഡ്രൈവർ. പരിസരത്തെ ക്ലബ്ബുകൾ മത്സരയിനങ്ങളിൽ തീറ്റ മത്സരം ഉൾപ്പെടുത്താത്തത് ബാപ്പുക്കോയയെ പേടിച്ചിട്ടാണെന്ന് നാട്ടിൽ സംസാരമുണ്ട്. അഞ്ചുവർഷമായി മത്സരത്തിൽ പങ്കെടുക്കാറില്ലായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള അരങ്ങേറ്റത്തിൽ വീണ്ടും വിജയിക്കാനായതിൽ ഏറെ സന്തോഷവാനാണ് ബാപ്പുക്കോയ. തന്റെ 22ാം വയസിൽ തുടങ്ങിയ മത്സരം 58ലും തുടരുന്നു. കോയമ്പത്തൂരിൽ ബോബി ചെമ്മണ്ണുരാണ് മത്സരം സംഘടിപ്പിച്ചത്. പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ കോലാക്കൽ ബാപ്പുക്കോയക്ക് ഭാര്യയും നാല് ആൺമക്കളുമുണ്ട്. മകൻ മിലിറ്ററി എൻജിനീയറും മറ്റുള്ളവർ വിദ്യാർത്ഥികളുമാണ്.