നടി താമസിച്ച കൊച്ചിയിലെ ഹോട്ടലിലെത്തി പൊലീസ്, സാക്ഷിയെയും ഒപ്പം എത്തിച്ചു

Sunday 01 September 2024 6:24 PM IST

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടപടിയാരംഭിച്ച് പൊലീസ്. നടി താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടലില്‍ എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ദിവസം നടി താമസിച്ചിരുന്ന കൊച്ചി നഗരത്തിലെ ഹോട്ടലിലാണ് പൊലീസ് എത്തിയത്. ഡോക്യുമെന്ററി സംവിധായകനും നടിയുടെ സുഹൃത്തുമായ പ്രധാന സാക്ഷിയേയും എത്തിച്ചായിരുന്നു ഹോട്ടലിലെ തെളിവെടുപ്പ്.

നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത ശേഷം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറുകയായിരുന്നു. പാലേരി മാണിക്യം എന്ന സിനിമയുടെ ഭാഗമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ് നടിയോട് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയത്. കൈയില്‍ സ്പര്‍ശിച്ച ശേഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അപ്പോഴേക്കും സംവിധായകനെ തടയുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നുമായിരുന്നു നടി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലേരിമാണിക്യം സിനിമയുടെ തിരക്കഥാകൃത്ത് ജോഷി ജോസഫിന്റെ സാക്ഷി മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയ താന്‍ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

നേരിട്ട മോശം അനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ നടി അറിയിച്ചു.ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എത്തി ദുരനുഭവം നേരിട്ട ശേഷം മടങ്ങേണ്ടി വന്ന തനിക്ക് വിമാനടിക്കറ്റ് പോലും നല്‍കിയിരുന്നില്ലെന്നും നടി ആരോപിച്ചിരുന്നു.