പോയാലി മലയിൽ അപൂർവ ഇനം എട്ടുകാലി വർഗത്തെ കണ്ടെത്തി

Sunday 01 September 2024 7:53 PM IST

മൂവാറ്റുപുഴ: അപൂർവ ഇനത്തിൽപ്പെട്ട എട്ടുകാലിയെ മൂവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയിൽ നിന്ന് കണ്ടെത്തി. ഇന്ത്യൻ സോഷ്യൽ സ്പൈഡർ (സ്റ്റെഗോഡിഫസ് സരസിനോറം) എന്നറിയപ്പെടുന്ന അപൂർവ എട്ടുകാലി വർഗം സാധാരണ എട്ടുകാലികളിൽ നിന്ന് വ്യത്യസ്തമായി ചെറിയ സമൂഹങ്ങളായി ജീവിക്കുന്നവയാണ്.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ഫോറസ്റ്റ് ക്ലബ്, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്, ഫോറസ്റ്റ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നലെ രാവിലെ 7 മുതൽ 11 വരെ നടന്ന ബയോ സർവേയിലാണ് കണ്ടെത്തൽ.
ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും യുവ ഡോക്ടർമാരുടെ സസ്യങ്ങളെ തിരിച്ചറിയാനുള്ള താത്പര്യം വർദ്ധിപ്പിക്കാനുമാണ് സർവേ സംഘടിപ്പിച്ചത്. സർവേയുടെ ഭാഗമായി പ്രദേശത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. പോയാലിമല സംരക്ഷണ സമിതി അംഗം നൗഫൽ പി. എം സർവേയ്ക്ക് നേതൃത്വം നൽകി.

പായിപ്ര ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറും ബയോ സർവേ ലീഡറുമായ ഡോ. ജോസഫ് തോമസ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയാ പ്രസിഡന്റ് ഡോ. ശ്രീരാജ് കെ. ദാമോദർ, ബയോ ക്യാമ്പ് കോ-ഓർഡിനേറ്റർ ഡോ. രവീന്ദ്രനാഥ കാമത്ത് സി., ഡോ. നിയ ശിവൻ രൺദീപ്, ഡോ. രേഷ്മ പി. ജോൺ, ഡോ. ബിനോയ് ഭാസ്കരൻ, ഡോ. നയന മാത്യു, ഡോ. ശരണ്യ, ഡോ. ബൃന്ദ തുടങ്ങിയവർ പങ്കെടുത്തു.

 ഇന്ത്യൻ സോഷ്യൽ സ്പൈഡർ

കൂട്ടമായി കാണപ്പെടുന്ന എട്ടുകാലി വർഗം 8-10 അടി ഉയരമുള്ള കുറ്റിച്ചെടികളിലാണ് കാണപ്പെടുക. കൂട്ടമായി വല കെട്ടി, വലകൾക്കുള്ളിലെ ചെറിയ കോട്ടകളിൽ പകൽ വിശ്രമിക്കുകയും സൂര്യാസ്തമയത്തോടെ പുറത്തിറങ്ങി ഇരകളെ പിടിക്കുകയും ചെയ്യുകയാണ് രീതി. ഭക്ഷണച്ചങ്ങലയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

 ജൈവവൈവിദ്ധ്യം പട്ടികപ്പെടുത്തി

പായിപ്ര ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിൽ ഉൾപ്പെടുന്ന പോയാലിമലയിലെ കുറ്റിച്ചെടികൾ, ചെറുസസ്യങ്ങൾ, വൃക്ഷങ്ങൾ, വള്ളിച്ചെടികൾ, പായലുകൾ എന്നിവ ഉൾപ്പെടെ 40-ലധികം ഇനം ഔഷധസസ്യങ്ങൾ, ചിത്രശലഭങ്ങൾ, മറ്റ് പ്രാണികൾ എന്നിവയെ കുറിച്ച് സർവേയുടെ ഭാഗമായി,പട്ടികപ്പെടുത്തി. ഇവയുടെ സംരക്ഷണ നടപടികൾ ഉറപ്പാക്കുകയെന്നതാണ് ബയോ സർവേയുടെ പ്രധാന ലക്ഷ്യം.

Advertisement
Advertisement