പടികടക്കാതെ പ്ളാസ്റ്റിക് വിമുക്ത പദ്ധതി

Sunday 01 September 2024 9:49 PM IST

പ്രമാടം: ജില്ലയെ പ്ലാസ്​റ്റിക് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പ്ലാസ്​റ്റിക് വിമുക്ത പത്തനംതിട്ട പദ്ധതി പന്തീരാണ്ട് കൊല്ലം കഴിഞ്ഞിട്ടും എങ്ങും എത്തിയില്ല.

ഇതിന്റെ ഭാഗമായി പന്ത്രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്​റ്റിക് റിക്കവറി സെന്ററുകളുടെ പ്രവർത്തനവും ഫയലിൽ ഒതുങ്ങിയതോടെ ജില്ലയിൽ പ്ലാസ്​റ്റിക് ഉപയോഗം വർദ്ധിച്ചതായാണ് റിപ്പോർട്ട്. ജില്ലയിൽ ഒരു മാസം 50 ലക്ഷത്തോളം പ്ലാസ്​റ്റിക് കിറ്റ് കവറുകൾ മാത്രം വിറ്റുപോകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്ലാസ്​റ്റിക്കിന് പകരം തുണികൊണ്ടുള്ള ക്യാരി ബാഗുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതും നടപ്പായില്ല.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2011 നവംബർ 14 നാണ് പ്ലാസ്​റ്റിക് വിമുക്ത പത്തനംതിട്ടയ്ക്ക് തുടക്കംകുറിച്ചത്. അന്നത്തെ ജില്ലാ കളക്ടറായിരുന്ന പി. വേണുഗോപാലിന്റെ ആശയമായിരുന്നു ഇത്. തുടക്കത്തിൽ വിജയകരമായിരുന്ന പദ്ധതി പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. പദ്ധതിക്കെതിരെ തുടക്കത്തിൽ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്താമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഇവരും പിന്നീട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേപ്പർ ക്യാരി ബാഗുകളും തുണിസഞ്ചികളും വിപണിയിൽ എത്തിച്ചത്.

നടപ്പാക്കാൻ ആരുമില്ല

പ്ലാസ്​റ്റിക്കും മ​റ്റ് റീസൈക്കിൾ ചെയ്യാവുന്ന ഉല്പന്നങ്ങളും വില നൽകി വാങ്ങുന്നതിന് ഗ്രാമ- നഗര പ്രദേശങ്ങളിൽ 57 റിസോഴ്‌സ് റിക്കവറി സെന്റ്റുകൾ തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല.ജില്ലയെ പ്ലാസ്​റ്റിക് രഹിതമാക്കുക, കുടുംബശ്രീകൾ മുഖേന തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക,, മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക, ജലസ്രോതസുകളെയും നദിയെയും സംരക്ഷിക്കുക,​ ശബരിമലയെ പ്ലാസ്​റ്റിക് രഹിതമാക്കുക, വനസമ്പത്ത് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

1. എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളിലും ഓരോ ക്‌ളോത്ത് ക്യാരി ബാഗ് യൂണി​റ്റുകൾക്കും രൂപം നൽകിയിരുന്നു. പിന്നീട് അവഗണിക്കപ്പെട്ടു.

2. ജില്ലയിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എത്താതിരിക്കാൻ അതിർത്തികളിൽ നാല്

സാനിട്ടേഷൻ ചെക്ക് പോസ്​റ്റുകൾ ആരംഭിക്കാൻ തിരുമാനിച്ചെങ്കിലും നടന്നില്ല.

Advertisement
Advertisement