ഹോക്കിയിൽ മിന്നി മലയാലപ്പുഴ

Sunday 01 September 2024 9:53 PM IST

കോന്നി: കായികപാരമ്പര്യം നിലനിറുത്താൻ മലയാലപ്പുഴയുടെ മണ്ണിൽ ഹോക്കി പരിശീലനം സജീവം. നിരവധി പ്രമുഖരായ ഹോക്കി താരങ്ങൾ പഠിച്ചും പരിശീലിച്ചും വളർന്ന മലയാലപ്പുഴ എസ്എൻഡിപി യുപി സ്‌കൂൾ മൈതാനത്താണ് പരിശീലനം. ഹോക്കിയിലെ ദേശീയ താരങ്ങളായ പി.എ.സുലേഖ, സഹോദരങ്ങളായ കെ.പി.ഷേർലി, കെ.പി.ഷിനി എന്നിവരുടെ തുടക്കം ഇവിടെ നിന്നാണ്. രാജ്യന്തര മത്സരത്തിലെ താരമായിരുന്ന ഏലിയാമ്മയും മലയാലപ്പുഴയുടെ സ്വന്തമാണ്.

വർഷങ്ങൾക്ക് മുമ്പ് ഓരോ കുടുംബത്തിലെ ഒരാളെങ്കിലും ഹോക്കി സ്റ്റിക്കിൽ കൈവച്ചിട്ടുള്ള ഗ്രാമമെന്ന ഖ്യാതി മലയാലപ്പുഴയ്ക്ക് ഉണ്ടായിരുന്നു. ഇന്ത്യൻ കുപ്പായമണിഞ്ഞ ഏലിയാമ്മ മാത്യു, ഇന്റർ യൂണവേഴ്സിറ്റി ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച ടീം ക്യാപ്ടനായിരുന്ന കെ സുലേഖ ബിന്ദു, സർവീസ് ടീം അംഗം ഗോകുൽ രാജ്, കേരള പൊലീസ് താരം ഷേർലി മലയാലപ്പുഴ തുടങ്ങിയവർ നാടിന്റെ അഭിമാനങ്ങളാണ്. 1979ൽ എസ്എൻഡിപി സ്‌കൂൾ മൈതാനത്ത് നിന്ന് തുടങ്ങിയതാണ് നാടിന്റെ ഹോക്കി പാരമ്പര്യം. സ്‌കൂളിലെ കായിക അദ്ധ്യാപകരായ പി കെ രവീന്ദ്രൻ, പീതാംബരൻ എന്നിവർ ഇതിൽ മുഖ്യപങ്ക് വഹിച്ചു. ഒരുകാലത്ത് സംസ്ഥാന വനിതാ ടീമിൽ ഒരേ സമയം ഒമ്പത് മലയാലപ്പുഴക്കാർ വരെ കളിച്ച ചരിത്രമുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ഹോക്കി അക്കാഡമി മലയാലപ്പുഴയിലായിരുന്നു. സംസ്ഥാന താരമായിരുന്നു കെ കെ സോമരാജൻ , അന്നത്തെ ഹോക്കി അസോസിയേഷൻ ഭാരവാഹികളായിരുന്ന കെ അനിൽകുമാർ, മലയാലപ്പുഴ മോഹനൻ, എൻ പി ഗോപാലകൃഷ്ണൻ, ജ്യോതിഷ്‌കുമാർ മലയാലപ്പുഴ എന്നിവരായിരുന്നു അന്ന് നേത‌ൃത്വം നൽകിയത്. ഇപ്പോൾ മലയാലപ്പുഴ മോഹനനാണ് പ്രസിഡന്റ്. അമൃത് സോമരാജനാണ് സെക്രട്ടറി . രാജ്യാന്തര രംഗത്തെ പ്രമുഖർ ഇവിടെ പരിശീലകരായി എത്തിയിട്ടുണ്ട്.

---------------------

മലയാലപ്പുഴ ഹോക്കി ഗ്രാമത്തെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്.

ഇതിനായി മികച്ച പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്.

അമൃത് സോമരാജ് ( സെക്രട്ടറി പത്തനംതിട്ട ഹോക്കി )

Advertisement
Advertisement