@ ഓവർപാസ് തുറന്നു വേങ്ങേരി ജംഗ്ഷനിൽ ഇനി യാത്രാദുരിതമില്ല

Monday 02 September 2024 12:02 AM IST
വേങ്ങേരി ജംഗ്ഷനിലെ ഓവർ പാസ് തുറന്നപ്പോൾ.

കോഴിക്കോട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാഗമായി അ​ട​ച്ചിട്ട വേ​ങ്ങേ​രി ജംഗ്ഷൻ ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ ഒ​ന്ന​ര​വ​ർ​ഷ​മായി തുടരുന്ന യാത്രാ ദുരിതത്തിന് അറുതിയായി . ഇന്നലെ ഉച്ചയോടെയാണ് കോ​ഴി​ക്കോ​ട്-​ബാ​ലു​ശ്ശേ​രി റോ​ഡി​ൽ ത​ട​മ്പാ​ട്ടു​താ​ഴം ഭാ​ഗ​ത്തു​നി​ന്ന് ബൈ​പാ​സി​ലേ​ക്ക് നി​ർ​മി​ച്ച വി.​ഒ.​പി (വെ​ഹി​ക്കി​ൾ ഓ​വ​ർ പാ​സ്)​യു​ടെ നി​ർ​മാ​ണം പാ​തി​ പൂ​ർ​ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ വേ​ങ്ങേ​രി, ത​ട​മ്പാ​ട്ടു​താ​ഴം വ​ഴി ന​ഗ​ര​ത്തി​ലേ​ക്കും തി​രി​ച്ചും സുഗമമായി യാ​ത്ര ചെ​യ്യാം. അതേസമയം ജംഗ്ഷനിൽ ഗതാഗതക്കുരുക്കിന് സാദ്ധ്യത ഉള്ളതിനാൽ നിയന്ത്രണം ഏർപ്പടുത്തിയിട്ടുണ്ട്. പാലത്തിൽ ഒഴിവുള്ള ഭാഗം വേലി കെട്ടി സുരക്ഷിതമാക്കി, വേങ്ങേരി ജംഗ്ഷനിൽ മാളിക്കടവ്, ബാലുശ്ശേരി, വേങ്ങേരിക്കാട്, കോഴിക്കോട്, മലാപ്പറമ്പ്, തടമ്പാട്ടുതാഴം റോഡുകൾ കൂടിച്ചേരുന്ന ഭാഗത്ത് തിരക്ക് അനുഭവപ്പെടുന്നതിനാൽ ട്രാഫിക് പോസ്‌റ്റ് സജ്ജമാക്കും. രണ്ട് ദിവസത്തെ പരീക്ഷണ ഓട്ടത്തിൽ തിരക്ക് കൂടുകയാണെങ്കിൽ വലിയ വാഹനങ്ങൾ നിയന്ത്രിക്കുമെന്ന് ട്രാഫിക് എ.സി.പി സുരേഷ് ബാബു പറഞ്ഞു. മാവിളിക്കടവ് - തണ്ണീർപ്പന്തൽ റോഡ് അറ്റകുറ്റപ്പണി കഴിഞ്ഞു തുറക്കുന്നതോടെ വേങ്ങേരി ജംഗ്ഷനിൽ ഗതാഗതം വൺവേ അടിസ്‌ഥാനത്തിലാക്കും,

ശനിയാഴ്ച വൈകിട്ടോടെ അപ്രോച്ച് റോഡിന്റെയും ഓവർ പാസിന്റെയും ടാറിംഗ് പൂർത്തിയാക്കിയിരുന്നു. 45 മീറ്റർ വീതിയിലാണ് ഓവർപാസ് നിർമിക്കുന്നത്. പണി പൂർത്തിയായ 13.75 മീറ്റർ ഭാഗമാണ് തുറന്നിരിക്കുന്നത്. ഓവർ പാസ് നിർമാണം പൂർത്തിയാവണമെങ്കിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റണം. കഴിഞ്ഞ 23ന് പൊതുമരാമത്ത് മന്ത്രിയുടെ സന്ദർശനത്തോടെ ജോലികൾക്ക് വേഗം കൂടിയിരുന്നെങ്കിലും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും മ​ഴ​യും കാ​ര​ണം പ്ര​വൃ​ത്തി നീളുകയായിരുന്നു. 2023 ഫെബ്രുവരി 24നാണ് കോഴിക്കോട് – ബാലുശ്ശേരി റോഡ് വേങ്ങേരി ജംഗ്ഷനിൽ അടച്ചത്. ജൂണിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. പിന്നീട് പ്രവൃത്തി നീളുകയായിരുന്നു. ഇതിനി‌ടെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. തൊട്ടടുത്തുള്ള ചെറിയ റോഡുകളിലൂടെയാണ് ബസുകളടക്കം വലിയ വാഹനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നത്. ഇതുമൂലം സമീപത്തെ ചെറിയ റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

ഓവർപാസ് നിർമിക്കുന്നത് 45 മീറ്റർ വീതിയിൽ

തുറന്നുകൊടുത്തത് 13.75 മീറ്റർ ഭാഗം

Advertisement
Advertisement