സിനിമയിൽ പവർ ഗ്രൂപ്പില്ലെന്ന് മമ്മൂട്ടി: ഹേമ കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കണം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗിക ശുപാർശകൾ നടപ്പാക്കണമെന്ന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിന് നിയമതടസങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമ്മാണം നടത്തണം. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല. അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല ഇതെന്നും മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ലെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രതികരണം.
ജസ്റ്റിസ് ഹേമ കമ്മറ്റിയുടെ നിർദ്ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാമേഖലയിലെ എല്ലാ കൂട്ടായ്മകളും കൈകോർക്കണം. പരാതികൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയിലാണ്.
സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോഗിക പ്രതികരണത്തിന് ശേഷം അംഗമെന്ന നിലയിൽ അഭിപ്രായം പറയണമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം മമ്മൂട്ടി അഭിപ്രായം പറയാൻ വൈകിയതിനേയും പവർ ഗ്രൂപ്പില്ലെന്ന് പറഞ്ഞതിനേയും വിമർശിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.