അൽ നസർ ക്ളബ്ബ് ജൂനിയർ ടീമിന്റെ വല കാക്കാൻ റാസിൻ

Monday 02 September 2024 12:20 AM IST

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഫുട്‌ബാൾ അക്കാദമിയിലെ കുഞ്ഞു ഗോളി ഇനി സൗദിയിൽ ഗോൾവല കാക്കും. സ്‌കൂൾ ജൂനിയർ ടീമിലെ ഗോൾ കീപ്പറായ മുഹമ്മദ് റാസിൻ എന്ന 12 കാരനാണ് സൗദിയിലെ ഏറ്റവും വലിയ ഫുട്ബാൾ ക്ലബ്ബായ അൽ നസറിന്റെ ജൂനിയർ ടീമിന്റെ ഭാഗമാവുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ കരുത്താർജ്ജിച്ച അൽ നസറിന്റെ ഭാഗമാവുന്നതിന്റെയും റിയാദിലെ ക്ലബ് ആസ്ഥാനത്ത് പരിശീലനം തുടങ്ങിയതിന്റെയും ആവേശത്തിലാണ് ഈ ഏഴാം ക്ലാസുകാരൻ.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ മിനർവ പഞ്ചാബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറുമാസം അവിടെ പരിശീലനം നടത്തി. ശേഷം മടങ്ങി. അതിനിടെ സന്ദർശന വിസയിൽ കുടുംബാംഗങ്ങളോടൊപ്പം സൗദിയിലുള്ള പിതാവ് ഷാജഹാന്റെ അടുത്തെത്തി. 26 വർഷമായി ഇവിടെ ഷോപ്പ് നടത്തുന്നയാളാണ് ഷാജഹാൻ. പ്രാദേശിക ടൂർണ്ണമെന്റിൽ വച്ച് റാസിന്റെ പ്രകടനം കണ്ട റിയാദ് നാദി ക്ലബ് പരിശീലകനായ അബ്ദുല്ല സാലെഹ് ആണ് അൽ നസറിലെ സെലക്ഷനിൽ പങ്കെടുക്കാൻ നി‌ർദ്ദേശിച്ചത്. റിയാദിലാണ് റാസിന്റെ ജനനം. അതാണ് അൽ നസറിലെ സെലക്ഷനിൽ പങ്കെടുക്കാനുള്ള ആദ്യ യോഗ്യതയായത്. സൗദിയിൽ ജനിക്കുന്ന വിദേശികൾക്ക് ഇവിടുത്തെ സ്‌പോർട്സ് ക്ലബുകളിൽ ചേരാൻ അനുമതിയുണ്ട്. റിയാദിൽ യൂത്ത് ഇ ന്ത്യ എഫ്.സി എന്ന ടീം രൂപവത്കരിച്ചത് മുതൽ പിതാവ് ഷാജഹാൻ അതിൽ അംഗമാണ്. മൂത്ത സഹോദരൻ റബിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അനുജൻ മുഹമ്മദ് റയ്യാൻ ഒന്നാം ക്ലാസ് വി ദ്യാർഥിയും. ഉമ്മ എ.വി. നഫ് ലയുമാണ്.

Advertisement
Advertisement