മുഖ്യമന്ത്രിയെ വിശ്വസ്തർ ചതിക്കുന്നു: അൻവർ
മലപ്പുറം: ഇരുപത്തിയൊൻപത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അവയിലെ കാര്യങ്ങൾ നിരീക്ഷിച്ച് അറിയിക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മറ്റും നിയോഗിച്ചതെന്നും പക്ഷേ വിശ്വസ്തർ ചതിക്കുകയാണെന്നും പി.വി.അൻവർ എം.എൽ.എയുടെ വിമർശനം. പിതാവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാരവയ്ക്കാനുള്ള ശ്രമം മകനെന്ന നിലയിൽ തടുക്കേണ്ടത് തന്റെ ബാദ്ധ്യതയാണ്. അതാണ് നിറവേറ്റുന്നത്.
പള്ളിയുടെയും അമ്പലത്തിന്റെയും അകത്ത് കിണറുണ്ടെങ്കിൽ ആ കിണറിൽ നമ്മൾ വീഴില്ലേ. പള്ളിക്കും അമ്പലത്തിനും അകത്ത് ഇവിടെ വിശ്വസ്തർ കിണർ കുഴിച്ചിട്ടുണ്ട്.
എ.ഡി.ജി.പി . എം.ആർ. അജിത് കുമാറും എസ്.പി. സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. ആഭ്യന്തര വകുപ്പ് വിശ്വസിച്ച് ഏൽപ്പിച്ച ശശി ഉത്തരവാദിത്വം നിർവഹിച്ചില്ല. വലിയ കള്ളത്തരം നടക്കുന്നു. ശശിക്ക് അറിവുണ്ടോയെന്ന് തനിക്കറിയില്ല.
മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നൽകിയിട്ട് നടപടിയുണ്ടായില്ല. ഇക്കാര്യം പി.ശശിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
അജിത് കുമാറിന്റെ കോക്കസിന്റെ ഭാഗമാണോ ശശിയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇക്കാര്യം പാർട്ടി അന്വേഷിക്കട്ടെയെന്ന് അൻവർ മറുപടി പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് പൊളിറ്റിക്കൽ സെക്രട്ടറി. പി.ശശിയുടെ അറിവോടെയാണോ അജിത്കുമാർ പ്രവർത്തിക്കുന്നതെന്ന് തനിക്കറിയില്ല. ശശിയെ വച്ചുകൊണ്ടിരിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന് പാർട്ടി ഇപ്പോഴല്ലേ അതൊക്കെ അറിയുന്നതെന്നായിരുന്നു മറുപടി.