സുകുമാർ അഴീക്കോട് എനിക്ക് പ്രിയപ്പെട്ടവൻ: ടി. പത്മനാഭൻ

Monday 02 September 2024 1:54 AM IST

തിരുവനന്തപുരം: എതിർചേരികളിൽ കാണപ്പെട്ടെങ്കിലും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ പ്രിയപ്പെട്ടവനായിരുന്നു തനിക്ക് സുകുമാർ അഴീക്കോടെന്ന് സാഹിത്യകാരൻ ടി.പത്മനാഭൻ. ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ അഴീക്കോട് സ്മാരക അവാ‌ർഡ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

സുകുമാർ അഴീക്കോടെന്ന പേര് ഗസറ്റിൽ മാറ്റിയ ശേഷവും സുകുമാരാ എന്ന് നീട്ടി വിളിച്ചത് അദ്ദേഹത്തിന്റെ ദേഷ്യം കാണാനാണ്. ശ്രീനാരായണഗുരുദേവനെ കുറിച്ചുള്ള 'ഗുരുവിന്റെ ദർശനമാണ്' അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രിയപ്പെട്ടത്. പലരും പറയാൻ മടിച്ചത് അദ്ദേഹം തുറന്നുപറഞ്ഞു. ചിലത് തിരസ്കരിച്ചു. വിസ്തരിച്ചാൽ കേരളത്തിൽ കാറും കോളുമുണ്ടാവും. ജാതിമതചിന്തകളുടെ കരിനിഴൽ അദ്ദേഹത്തിൽ ഇല്ലായിരുന്നു.

മരിക്കുന്നതുവരെ ഖാദി ധരിക്കുന്ന കോൺഗ്രസുകാരനാണ് ഞാൻ.എന്നാൽ, പാർട്ടിക്കതീതമായി നന്മയെ അംഗീകരിക്കും. പി.കൃഷ്ണപിള്ളയാണ് എന്നും മനസിലെ വിഗ്രഹം. പി.ഗോവിന്ദപിള്ള കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും അടിപതറാത്ത സ്വതന്ത്രചിന്തകനായിരുന്നു. അക്കാരണത്താൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടു. നിശ്ചയദാർഢ്യമുള്ള മന്ത്രിയാണ് ശിവൻകുട്ടി.

ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷനായി. ട്രസ്റ്റ് ചെയർമാൻ ഡോ.കെ.സുധാകരനെ മന്ത്രിയും ഡോ.വി.ആർ.ജയറാമും ചേർന്ന് ആദരിച്ചു. കവിയും അവാർ‌ഡുകമ്മിറ്റി ചെയർമാനുമായ ഡോ.ഇന്ദ്രബാബു, ആറ്റുകാൽ പി.മോഹനവല്ലി,ജയശ്രീ ഗോപാലകൃഷ്ണൻ,ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ,ശിവദാസൻ കുളത്തൂർ,ട്രഷറർ ജി.വി.ദാസ് തുടങ്ങിയവർ സംസാരിച്ചു.

പപ്പേട്ടൻ അനീതിക്കെതിരെ പോരാടുന്ന ശബ്ദം: മന്ത്രി

ടി.പത്മനാഭൻ എന്ന പപ്പേട്ടൻ അനീതികൾക്കെതിരെ പോരാടുന്നവരുടെ ശബ്ദമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി വി.ശിവൻകുട്ടി. സുകുമാർ അഴീക്കോടും ടി.പത്മനാഭനും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ഉപനിഷത്തുകളും മഹാത്മാഗാന്ധിയുമായിരുന്നു സുകുമാർ അഴീക്കോടിന്റെ ശക്തി. ഇല്ലായ്മയുടെയും ഒറ്റപ്പെടലിന്റെയും സ്നേഹസാരാംശം പപ്പേട്ടനോളം മനോഹരമായി പകർത്തിയ എഴുത്തുകാരില്ല. പൊതുവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾക്ക് അദ്ദേഹവും കാരണക്കാരനാണ്.

Advertisement
Advertisement