സി.പി.എമ്മിൽ ഭിന്നതയില്ല: ടി.പി. രാമകൃഷ്ണൻ
കൊച്ചി: സി.പി.എമ്മിൽ യാതൊരു ഭിന്നതയുമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. 30ന് നടന്ന സംസ്ഥാന സമിതിയോഗത്തിൽ ഉച്ച വരെ താനും ഇ.പി. ജയരാജനും സജീവമായി പങ്കെടുത്തിരുന്നു.പാർട്ടി നേതാവായിരുന്ന ദക്ഷിണാ മൂർത്തിയുടെ എട്ടാം ചരമവാർഷി ദിനാചരണത്തിൽ പങ്കെടുക്കേണ്ടതിനാൽ 31നുള്ള സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാനായില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇ.പി പാർട്ടിയുടെ ഉയർന്ന നേതാവാണ്. ത്യാഗപൂർണമായ പങ്കു വഹിച്ച നേതാവാണ്. കേന്ദ്രകമ്മിറ്റി അംഗമാണ്. വേറിട്ട നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നില്ല. അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമായല്ല മാറ്റം. സംഘടനപരമായ തീരുമാനങ്ങൾ പല സന്ദർഭങ്ങളിലും സ്വീകരിക്കാറുണ്ട്. വ്യക്തിപരമായി ഇഷ്ടമുള്ളതും അല്ലാത്തതുമായ തീരുമാനങ്ങൾ വരും. പാർട്ടിയോട് കൂറുപുലർത്തുന്നവർ ആ തീരുമാനം അംഗീകരിച്ച് പ്രവർത്തിക്കുന്നതാണ് രീതി. ഇ.പിയും ആ നിലപാട് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ.പിയെ പുറത്താക്കിയെന്നത് മാദ്ധ്യമങ്ങളുടെ പ്രചാരവേലയാണ്. മുകേഷ് രാജി വയ്ക്കേണ്ടതില്ലെന്നത് മുന്നണി തീരുമാനമാണ്,
എ.ഡി.ജി.പി അജിത് കുമാർ, പി. ശശി എന്നിവർക്കെതിരായ പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കും. അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നത്. സി.പി.എമ്മുമായി സഹകരിക്കുന്ന വ്യക്തിയെന്ന നിലയിൽ വിവരങ്ങൾ ആരായും. തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ടി.പി പറഞ്ഞു.