ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ- കൊച്ചിൻ പാലം റോഡിൽ ദുരിതയാത്ര

Monday 02 September 2024 1:05 AM IST
ഷൊർണൂർ നഗരസഭയിലെ ഒരു കിലോമീറ്റർ വരുന്ന സുപ്രധാന റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.

 പുനർനി‌ർമ്മാണത്തിന് ടെൻഡർ നൽകിയിട്ട് നാല് വർഷം

ഷൊർണൂർ: നഗരസഭയിലെ ഒരു കിലോമീറ്റർ വരുന്ന സുപ്രധാന റോഡിന്റെ ദുരവസ്ഥയ്ക്ക് നാല് വർഷമായിട്ടും പരിഹാരമായില്ല. കുളപ്പുള്ളി-തൃശൂർ സംസ്ഥാന പാതയിൽ ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ മുതൽ കൊച്ചിൻ പാലം വരെയുള്ള റോഡിനാണ് ദുരവസ്ഥ. റോഡിന്റെ പുനർനിർമ്മാണത്തിന് നാല് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ ഇഴഞ്ഞതോടെ നിർമ്മാണം അനിശ്ചിതമായി നീണ്ടു. കരാറുകാരന്റെ വീഴ്ചയാണ് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പധികൃതർ ആദ്യം പറഞ്ഞിരുന്നത്. പ്രതിഷേധം വ്യാപകമായപ്പോൾ കരാറുകാരനെ മാറ്റുമെന്നായി. കുറേ കഴിഞ്ഞപ്പോൾ കരാറുകാരനെ ഒഴിവാക്കി എന്നായി. എന്നാൽ ഒഴിവാക്കിയ കരാറുകാരൻ തന്നെ റോഡ് പണി ഉടൻ പൂർത്തിയാക്കുമെന്ന ഉറപ്പാണ് പിന്നീട് ലഭിച്ചത്. ഇതിനിടെ നാലു വർഷമാണ് കടന്നു പോയത്. അപ്പോഴേക്കും മെറ്റലും ടാറുമിളകി ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ റോഡിലൂടെ ഗതാഗതം തീർത്തും ദുഷ്കരമായി. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്താത്ത സംലടനകളില്ല. പലതരം സമരങ്ങൾ സംഘടിപ്പിച്ചു. ശയനപ്രദക്ഷിണവും നടത്തി. ഒടുവിൽ സംസ്ഥാന ഭരണകക്ഷി തന്നെ സമരത്തിനിറങ്ങി. ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസും ഉപരോധിച്ചു. ഇതോടെയെങ്കിലും റോഡ് നന്നാക്കുമെന്ന് ജനങ്ങൾ കരുതിയെങ്കിലും കുറച്ച് മെറ്റൽ നിരത്തുയതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.

ആഗസ്റ്റിലെ ഉറപ്പും പാഴായി

 റെയിൽവേ പാലം മുതൽ എസ്.എം.പി ജംഗ്ഷൻ വരെയുള്ള 200 മീറ്റർ ഭാഗം കാൽനടയാത്രയ്ക്ക് പോലും സാധിക്കാത്ത അവസ്ഥയിലാണ്.  കുഴികളിൽ ചാടി വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നത് പതിവായി. രോഗികളുമായി പായുന്ന ആംബുലൻസുകൾക്കും ഇവിടെ വളരെയധികം സമയം നഷ്ടമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഷൊർണൂർ നഗരസഭാ കൗൺസിൽ യോഗത്തിലും റോഡ് വിഷയമായിരുന്നു പ്രധാന ചർച്ച. ഒരു കിലോമീറ്റർ റോഡ് പുതുക്കി പണിയാൻ ഈ കരാറുകാരൻ തന്നെ വേണമെന്ന് ആർക്കാണ് നിർബന്ധമെന്നും ഇയാളെ ഒഴിവാക്കാൻ മാർഗ്ഗവുമില്ലേ എന്നും കോൺഗ്രസ് അംഗം ടി.കെ.ബഷീർ ചോദിച്ചു. ആഗസ്റ്റിൽ റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്ന് ചീഫ് എൻജിനീയർക്ക് ഉറപ്പ് നൽകിയിരുന്നുവത്രെ. എന്നാലിപ്പോൾ ഈ ഉറപ്പും പാഴായിരിക്കുകയാണ്.

Advertisement
Advertisement