ഇതുമൊരു റോഡായിരുന്നു!

Monday 02 September 2024 12:23 AM IST
കഴിഞ്ഞ ദിവസം പെയ്തമഴയിൽ വെള്ളക്കെട്ട ് രൂക്ഷമായ ബൈപ്പാസിൽ നിന്ന് കിളികൊല്ലൂർ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുന്ന റോഡ്

വെള്ളം ഓടയിലേക്ക് ഒഴുക്കാൻ സൗകര്യമില്ല

കിളികൊല്ലൂർ: ബൈപ്പാസിൽ നിന്നുള്ള കിളികൊല്ലൂർ പൊലീസ് സ്‌റ്റേഷൻ റോഡ് വെള്ളത്തി​ൽ മുങ്ങി​യി​ട്ട് മാസങ്ങൾ. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പൊലീസ് സ്‌റ്റേഷൻ റോഡിന് പുറമേ മങ്ങാട് പള്ളിയുടെ സമീപത്തും മൂന്നാംകുറ്റി റോഡിലും വെള്ളക്കെട്ടുണ്ടായി​. മൂന്നാംകുറ്റിയിൽ നിന്ന് പൊലീസ് സ്‌റ്റേഷൻ റോഡിലേക്ക് വരുന്ന വെള്ളം ഓടയിലേക്ക് ഒഴുകാനുള്ള സൗകര്യമില്ലാത്തതാണ് ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.

ഈ റോഡി​ലൂടെ കാൽനട യാത്രയും വാഹനങ്ങളിലുള്ള യാത്രയും ദുരിതത്തിലാണ്. മുൻപ് പൊലീസ് സ്‌റ്റേഷൻ റോഡിലേക്ക് വരുന്ന വെള്ളം കായലിലേക്ക് ഒഴുകിപ്പോകുമായിരുന്നു. എന്നാൽ ബൈപ്പാസ് ആറ് വരിയാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വെള്ളം കായലിലേക്ക് പോകാത്ത അവസ്ഥയിലാണ്. തറ നിരപ്പിൽ നിന്ന് നാലടി ഉയരത്തിലാണ് ബൈപ്പാസിൽ ഓട നിർമ്മിച്ചിരിക്കുന്നത്. ഇത് മൂലം സർവീസ് റോഡിൽ നിന്നുള്ള വെള്ളം ഈ ഓടയിലേക്ക് ഒഴുകിയെത്താത്തതും പൊലീസ് സ്‌റ്റേഷൻ റോഡിലെ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.

കോർപ്പറേഷന്റെ അധീനതയിലുള്ളതാണ് ബൈപ്പാസിൽ നിന്നുംപൊലീസ് സ്‌റ്റേഷനിലേക്കുള്ള റോഡ്. ഇന്റർലോക്ക് പാകിയിരുന്ന റോഡിൽ ബൈപ്പാസ് നിർമ്മാണ കമ്പനി അധികൃതർ കുഴികളെടുത്തതിനെതുടർന്ന് റോഡും തകർന്നിരുന്നു. പൊലീസ് സ്‌റ്റേഷൻ, മൂന്നാംകുറ്റി, മങ്ങാട് പള്ളി, പഴയ മങ്ങാട് സ്‌കൂൾ എന്നിവിടങ്ങളിലേക്ക് വേഗമെത്താൻ യാത്രക്കാർ ആശ്രയിച്ചിരുന്ന റോഡാണി​ത്.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പൊലീസ് സ്‌റ്റേഷൻ റോഡിൽ മുട്ടറ്റം വെള്ളമായി​. കല്ലുംതാഴം, മങ്ങാട് ഡിവിഷൻ കൗൺസിലർമാർ ഇടപെട്ട് കോർപ്പറേഷനിൽ നിന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് സമീപത്ത് ചെറിയ കുഴിയെടുത്ത് വെള്ളം ഒഴുക്കിവിട്ടു. എന്നാൽ ഇത് താത്കാലിക പരിഹാരമാണെന്നും ശ്വാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ നിലപാട് .

കാൽനട യാത്രയും ദുസ്സഹം

വെള്ളം കെട്ടിക്കി​ടക്കുന്ന റോഡിലൂടെ കാൽനട യാത്രപോലും അസാദ്ധ്യമായി​. റോഡി​ൽ കുഴി​യെടുത്തി​ട്ടുള്ളതി​നാൽ പൊലീസ് സ്‌റ്റേഷൻ റോഡിലൂടെയുള്ള ഗതാഗതത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകളും കാറുകളും സ്‌കൂൾ ബസുകളും ഉൾപ്പെടെ സഞ്ചരിച്ചിരുന്ന റോഡാണി​ത്.


ബൈപ്പാസിലെ പുതിയ ഓടയിലേക്ക് സർവീസ് റോഡിൽ നിന്ന് ഒഴുകി വരുന്ന വെള്ളം കയറാത്തതാണ് വെള്ളക്കെട്ടിന് കാരണം. ബൈപ്പാസ് ആറ് വരിയാക്കുന്ന നിർമ്മാണ കമ്പനിയുടെ അലംഭാവമാണ് സ്ഥി​തി​ രൂക്ഷമാകാൻ കാരണം. ബൈപ്പാസിലെ പുതിയ ഓടയിലേക്ക് സർവീസ് റോഡിൽ നിന്നുള്ള വെള്ളം കൂടി​ കയറുന്നതിനുള്ള സൗകര്യം ഒരുക്കി നൽകിയാൽ പ്രശ്‌നം പരിഹരിക്കാം. പലതവണ പരാതി അറിയിച്ചിട്ടും നിർമ്മാണകമ്പനി അധികൃതർ ഇതിന് തയ്യാറാകുന്നില്ല

സാബു, കല്ലുംതാഴം ഡിവിഷൻ കൗൺസിലർ

Advertisement
Advertisement