തുറന്നടിച്ച് പി.വി.അൻവർ 'പല ഉദ്യോഗസ്ഥരുടെയും ഫോൺ ഞാൻ ചോർത്തി"
മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിന്റെ ഭാര്യയുടെ ചില ഫോൺ കോളുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എം.എൽ.എ പി.വി. അൻവറിന്റെ ഗുരുതര ആരോപണം. കള്ളക്കടത്തിന് നേതൃത്വമേകുന്ന പ്രധാനികളോടാണ് സംസാരം. എല്ലാ മന്ത്രിമാരുടെയും ഫോൺകോളുകൾ ചോർത്താൻ സൈബർ സെല്ലിൽ സംഘമുണ്ട്. രാഷ്ട്രീയക്കാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നുണ്ട്. മൂന്ന് മാസമായി തന്റെ ഫോൺ ചോർത്തുന്നുണ്ട്. പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺകോൾ താൻ ചോർത്തിയിട്ടുണ്ടെന്നും അൻവർ പറഞ്ഞു. ഒരുപാട് ഫോൺ കോളുകൾ പുറത്തുവിടാനുണ്ട്. ഗതികേട് കൊണ്ടാണ് സുജിത്‌ദാസിന്റെ ശബ്ദരേഖ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ തനിനിറവും ദേശവിരുദ്ധ പ്രവൃത്തികളും പുറത്തറിയിക്കാൻ മറ്റൊരു മാർഗവും ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നു.
എം.ആർ. അജിത് കുമാർ കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയമാണ്. അജിത് കുമാറിന്റെ ക്രിമിനൽ പ്രവർത്തനം ശശിക്ക് അറിയുമോ എന്ന് പാർട്ടി അന്വേഷിക്കട്ടെ. കഴിഞ്ഞ ദിവസം എഅജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലും എസ്.പി സുജിത് ദാസിന്റെ ഫോൺ ശബ്ദരേഖ പുറത്തുവിട്ടതിലും കൂടുതൽ കാര്യങ്ങൾ വിശദമാക്കാൻ നിലമ്പൂരിൽ മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് അൻവർ ആരോപണങ്ങൾ കടുപ്പിച്ചത്.
സുജിത് സ്വർണം തട്ടിയെടുത്തു
സുജിത് ദാസ് കരിപ്പൂർ വഴിയെത്തുന്ന സ്വർണം തട്ടിയെടുത്തെന്നും അൻവർ ആരോപിച്ചു. ഐ.പി.എസിൽ വരും മുമ്പ് കസ്റ്റംസിലായിരുന്നു. ഈ ബന്ധങ്ങളാണ് സ്വർണക്കടത്ത് വഴിതെളിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്‌കാനിംഗിൽ സ്വർണം കണ്ടാൽ കാരിയറെ വിട്ടയച്ചശേഷം പുറത്തുനിൽക്കുന്ന ഡാൻസാഫുകാരെ അറിയിക്കും. കസ്റ്റംസ് പിടിച്ചാൽ സി.സി. ടി.വിയുള്ളതിനാൽ ഒരു ബിസ്‌കറ്റ് പോലും മാറ്റാനാകില്ല. പുറത്ത് അങ്ങനെയല്ല. 25 ബിസ്‌ക്കറ്റുണ്ടെങ്കിൽ 10 ബിസ്‌കറ്റ് സംഘം എടുക്കും. ബാക്കി ഡാൻസാഫിന് കൊടുക്കും. സുജിത്തിന്റെ പ്രത്യേക ടീമിലെ ഡാൻസാഫ് ഉദ്യോഗസ്ഥർ ക്രിമിനലുകളാണ്. ഇവർ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സുജിത് ദാസിനും ഇതിന്റെയെല്ലാം തലവനായ എം.ആർ.അജിത് കുമാറിനും എതിരായ തെളിവ് കൊടുക്കും. അജിത്കുമാർ ജയിലിലേക്കാണ് പോകുന്നത്. സുജിത്തിന്റെ വഴി സെൻട്രൽ ജയിലാണ്. കൊന്നും കൊല്ലിച്ചും നല്ല പരിചയമുള്ള ഗുണ്ടാസംഘത്തോട് ജീവൻ പണയം വച്ചാണ് ഏറ്റുമുട്ടുന്നത്. ഇങ്ങനെ മുന്നോട്ടുപോയാൽ പാർട്ടിയും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടിവരും. ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റാണ് മരിച്ചത്. മുഖ്യമന്ത്രിയെയും കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല. ചിലപ്പോൾ, താൻ ഇല്ലാതാകും. ഇക്കാര്യങ്ങൾ ശേഖരിക്കാൻ നല്ലതുപോലെ പണം ചെലവാക്കിയിട്ടുണ്ട്. ചിലരെയൊക്കെ വില കൊടുത്തു വാങ്ങേണ്ടി വന്നിട്ടുണ്ട്. മുഖ്യമന്ത്രി അങ്ങേയറ്റം സത്യസന്ധനാണെന്നും അൻവർ പറഞ്ഞു.