കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഇവയ്ക്ക്, വില കയറിയത് 16800 രൂപ വരെ, കുതിപ്പിന് പിന്നിൽ ഒറ്റക്കാരണം
കഴിഞ്ഞ മാസം ക്വിന്റലിന് 900 രൂപ ഉയർന്നു
കോഴിക്കോട്: ഓണമടുത്തതോടെ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസങ്ങളിൽ ക്വിന്റലിന് 1600 രൂപ കൂടി. ജൂലായിൽ 15, 200 രൂപയായിരുന്ന മൊത്തവില ഇപ്പോൾ 16,800 രൂപയിലെത്തി. നിലവിൽ ലിറ്ററിന് 168 രൂപയാണ് മൊത്തവില. ചില്ലറ വിപണിയിലെത്തുമ്പോൾ വില വീണ്ടുംഉയരും. ഗുണമേന്മയനുസരിച്ച് വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 200 രൂപ വരെ ഈടാക്കുന്നു.
മില്ലിംഗ് ഓയിലിന്റെ വിലയും ഉയരുകയാണ്. കഴിഞ്ഞ മാസം ക്വിന്റലിന് 15,700 ആയിരുന്നത് ഇന്നലെ 17,300 ആയി ഉയർന്നു. വിളവെടുപ്പ് സീസൺ കഴിഞ്ഞതും ഓണത്തിനായി അധിക തേങ്ങ സംഭരിച്ചതുമാണ് വില ഉയർത്തുന്നത്. തേങ്ങയുടെ കയറ്റുമതി കൂടുന്നതും വില ഉയർത്തി.
പൊതുവിപണിയിൽ തേങ്ങ വില കിലോഗ്രാമിന് 32. 50 രൂപയാണെങ്കിലും 34 രൂപവരെ നൽകിയാണ് കച്ചവടക്കാർ സംഭരിക്കുന്നത്. ഇതോടെ വെളിച്ചെണ്ണ വിലയോടൊപ്പം കൊപ്രയുടെയും തേങ്ങയുടെയും വിലയും ഉയർന്നു. കഴിഞ്ഞ മാസം ക്വിന്റലിന് 10,100 രൂപയായിരുന്ന എഫ്.എ.ക്യൂ കൊപ്രയ്ക്ക് ഇന്നലെ 10,700 രൂപയായി. സാധാ കൊപ്ര ക്വിന്റലിന് 9,900 രൂപയിൽ നിന്ന് 10,500 രൂപയായി. അടുത്തിടെയൊന്നും ഉണ്ടകൊപ്രയ്ക്ക് ഇത്രയും വില കൂടിയിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു.
ഉണ്ട കൊപ്ര പ്രധാനമായും ഉത്തരേന്ത്യയിലേക്കാണ് കയറ്റിഅയക്കുന്നത്. പൂജകൾക്കും മറ്റും ഇവ കൂടുതലായി ഉപയോഗിക്കുന്നു. സെപ്തംബറിൽ വിനായക ചതുർത്ഥി, ഒക്ടോബറിൽ മഹാനവമി, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ വരുന്നതിനാൽ വരും മാസങ്ങളിലും വില കൂടിയേക്കും.
വില, മാസം, വില(ക്വിന്റൽ)
@ജൂലായ്
സാദാ വെളിച്ചെണ്ണ- 15,200
മില്ലിംഗ് വെളിച്ചെണ്ണ- 15,700
എഫ്.എ.ക്യൂ കൊപ്ര (നല്ല കൊപ്ര)- 10,100
സാദാ കൊപ്ര- 9,900
@ആഗസ്റ്റ്
സാദാ വെളിച്ചെണ്ണ-16,800
മില്ലിംഗ് വെളിച്ചെണ്ണ-17,300
എഫ്.എ.ക്യൂ കൊപ്ര-10,700
സാദാ കൊപ്ര-10,500
'' ഓണക്കാലത്ത് ഉപഭോഗം ഗണ്യമായി കൂടുമെന്നതിനാൽ വെളിച്ചെണ്ണ വില ഇനിയും കൂടിയേക്കും.
പോൾ ആന്റണി, സംസ്ഥാന സെക്രട്ടറി
ഓൾ കേരള ഓയിൽ ബ്രോക്കേഴ്സ് അസോസിയേഷൻ