ഇ.പിയെ പിണറായി കുരുതി കൊടുത്തെന്ന് കെ. സുധാകരൻ
ആലുവ: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ.പി. ജയരാജൻ രഹസ്യ ചർച്ച നടത്തിയത് പിണറായി വിജയനു വേണ്ടിയാണെന്നും പിടിക്കപ്പെട്ടപ്പോൾ സ്വന്തം തടി രക്ഷിക്കാൻ ജയരാജനെ കുരുതി കൊടുത്തെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കേരള പ്രദേശ് മഹിള കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാവദേക്കർ - ജയരാജൻ രഹസ്യചർച്ച ആദ്യം പുറത്തുകൊണ്ടുവന്നത് താനാണ്. സ്വന്തം താത്പര്യത്തിനായി ആരെയും കുരുതി കൊടുക്കുന്നയാളാണ് പിണറായി വിജയൻ. പി.വി. അൻവർ എം.എൽ.എ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചു. സ്ത്രീകളാണ് കോൺഗ്രസിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എം. ലിജു, ദീപ്തി മേരി വർഗീസ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അൻവർ സാദത്ത് എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി എൽ. അനിത, ജില്ലാ പ്രസിഡന്റുമാരായ ടി. നിർമ്മല, സിന്ധു രാധാകൃഷ്ണൻ, പി. ഷഹർബാൻ തുടങ്ങിയവർ സംസാരിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഇരുന്നൂറോളം ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.
സിമിക്കെതിരെ അന്വേഷണം
ആലുവ: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച സിമി റോസ്‌ബെല്ലിനെതിരെ മൂന്നംഗ സമിതി അന്വേഷണം നടത്തുമെന്ന് കെ. സുധാകരൻ പറഞ്ഞു. സിമിക്കെതിരെ മഹിളാ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. സിമിയുടെ ആരോപണങ്ങൾ അന്വേഷിക്കേണ്ടതില്ല. സംസ്‌കാരശൂന്യമായി, നേതാക്കളെ ഭീഷണിപ്പെടുത്താനാണ് സിമിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തകരുന്ന പ്രസ്ഥാനമല്ല മഹിളാ കോൺഗ്രസെന്ന് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ പറഞ്ഞു.