ഹാളണ്ടേ, ഹാട്രിക്കേ!
മാഞ്ചസ്റ്റർ : തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് നേടിയ നോർവീജിയൻ സ്ട്രൈക്കർ ഏർലിംഗ് ഹാളണ്ടിന്റെ മികവിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പുതിയ സീസണിലും പ്രിമിയർ ലീഗിൽ നിറഞ്ഞാടുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഹാളണ്ടിന്റെ ഹാട്രിക്ക് മികവിൽ സിറ്റി 3-1ന് വെസ്റ്റ്ഹാമിനെ കീഴടക്കി. 10,30,83 മിനിട്ടുകളിലായിരുന്നു ഹാളണ്ടിന്റ ഗോളുകൾ പിറന്നത്. 19-ാംമിനിട്ടിൽ സിറ്റിയുടെ റൂബൻ ഡിയാസിന്റെ പിഴവിൽ വന്ന സെൽഫ് ഗോൾ വെസ്‌റ്റ് ഹാമിന് തുണയായി. കഴിഞ്ഞ മത്സരത്തിൽ ഇപ്‌സിച്ച് ടൗണിനെതിരെയും ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു.
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച സിറ്റി 9 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
11-സിറ്റി ജേഴ്സിയിൽ 11 ഹാട്രിക്കുകൾ ഇതുവരെ ഹാളണ്ട് നേടിക്കഴിഞ്ഞു.4
2- പ്രിമിയർ ലീഗിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമാണ് ഹാളണ്ട്.
70-പ്രിമിയർ ലീഗിൽ 69 മത്സരങ്ങളിൽ നിന്ന് 70 ഗോളുകൾ നേടിക്കഴിഞ്ഞു ഹാളണ്ട്.
2022-ൽ സിറ്റിയിലെത്തിയ ഹാളണ്ടായിരുന്നു കഴിഞ്ഞ രണ്ട് സീസണിലും പ്രിമിയർ ലീഗിലെ ടോപ് സ്കോറർ.2022/23 സീസണിൽ 36 ഗോളും, 2023/24 സീസണിൽ 27 ഗോളും നേടി. ഇത്തവണയും നിലവിൽ ഹാളണ്ടാണ് ഒന്നാമത്. ഇതുവരെ 7 ഗോളുകൾ നേടിക്കഴിഞ്ഞു.
97- സിറ്റിയ്ക്കായി ആകെ 101 മത്സരങ്ങളിൽ നിന്ന് 97 ഗോളുകൾ ഹാളണ്ട് നേടിക്കഴിഞ്ഞു.